ജയിലിലെ കൊലപാതകം: ഒമ്ബത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തo

98

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി.പി.എം പ്രവര്‍ത്തകനായ വടകര കക്കട്ടില്‍ അമ്ബലക്കുളങ്ങരയിലെ കല്ലുപുരയില്‍ വീട്ടില്‍ കെ.പി. രവീന്ദ്രനെ (47) ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒമ്ബത് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപവീതം പിഴയും.പാനൂര്‍ സെന്‍ട്രല്‍ പൊയിലൂര്‍ കച്ചേരിയിലെ ഏച്ചിലാട്ട് ചാലില്‍ ഹൗസില്‍ എ.സി. പവിത്രന്‍ (49), തൃശൂര്‍ വാടാനപ്പള്ളി തമ്ബാന്‍കടവിലെ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ഫല്‍ഗുനന്‍ (49), സെന്‍ട്രല്‍ പൊയിലൂര്‍ കച്ചേരിയിലെ കുഞ്ഞിപ്പറമ്ബത്ത് ഹൗസില്‍ കെ.പി. രഘു (47), കോഴിക്കോട് മാറാട് അരക്കിണര്‍ ഭദ്രനിവാസില്‍ സനല്‍ പ്രസാദ് (45), കൂത്തുപറമ്ബ് നരവൂരിലെ കൊയമ്ബ്രാന്‍ വീട്ടില്‍ പി.കെ. ദിനേശന്‍ എന്ന പേട്ട ദിനേശന്‍ (48), മൊകേരി മാക്കൂല്‍പീടികയിലെ കുനിയില്‍ കാളിയത്താന്‍ ഹൗസില്‍ ശശി എന്ന കൊട്ടക്ക ശശി (50), കൂത്തുപറമ്ബ് കൊയമ്ബ്രാന്‍ വീട്ടില്‍ അനില്‍കുമാര്‍ (47), സെന്‍ട്രല്‍ പൊയിലൂര്‍ കച്ചേരിയിലെ തരശ്ശിയില്‍ സുനി (47), കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ പുത്തന്‍വീട്ടില്‍ പി.വി. അശോകന്‍ (45) എന്നിവരെയാണ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി പി.എന്‍. വിനോദ് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ മുഴുവന്‍ പ്രതികളും ആറുമാസം കൂടി തടവ് അനുഭവിക്കണം. ഇപ്പോള്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവര്‍ അത് പൂര്‍ത്തിയാക്കിയ ശേഷം ഈ കേസിലെ ജീവപര്യന്തവും അനുഭവിക്കണമെന്ന് വിധിന്യായത്തില്‍ പറയുന്നു. ഒന്നു മുതല്‍ ഒമ്ബതുവരെ പ്രതികള്‍ക്ക് 143 വകുപ്പ് പ്രകാരം മൂന്നുമാസവും 324 വകുപ്പ് പ്രകാരം ആറുമാസവും തടവുശിക്ഷയുമുണ്ട്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ്, ഒമ്ബത് പ്രതികളായ പവിത്രന്‍, ഫല്‍ഗുനന്‍, പേട്ട ദിനേശന്‍, അനില്‍കുമാര്‍, പി.വി. അശോകന്‍ എന്നിവര്‍ 148 വകുപ്പുപ്രകാരം ആറുമാസവും മൂന്ന്, നാല്, ആറ്, എട്ട് പ്രതികളായ കെ.പി. രഘു, സനല്‍ പ്രസാദ്, കൊട്ടക്ക ശശി, തരശ്ശിയില്‍ സുനി എന്നിവര്‍ 147 വകുപ്പുപ്രകാരം മൂന്നുമാസവും തടവ് അനുഭവിക്കണം.വിവിധ കേസില്‍ ശിക്ഷിക്കപ്പെട്ടവരും റിമാന്‍ഡ് തടവുകാരുമായ 31 പേരാണ് പ്രതികള്‍. 21 പേരെ കുറ്റക്കാരല്ലെന്നുകണ്ട് വെറുതെവിട്ടു. 12ാം പ്രതി കണ്ണൂര്‍ താവക്കരയിലെ കുണ്ടത്തില്‍ ഹൗസില്‍ രാകേഷ് വിചാരണക്ക് ഹാജരായില്ല. 2004 ഏപ്രില്‍ ആറിന് വൈകീട്ട് മൂന്നിനും മൂന്നരക്കുമിടയിലാണ് കൊലപാതകം നടന്നത്. സംസ്ഥാനത്ത് ജയിലില്‍ നടന്ന ആദ്യ രാഷ്്ട്രീയ കൊലപാതകമാണിത്. കോളിളക്കം സൃഷ്ടിച്ച ഇൗ കേസില്‍ 15 വര്‍ഷത്തിനുശേഷമാണ് വിധി പ്രസ്താവിച്ചത്. വെള്ളിയാഴ്ച രാവിലെ 11.10ന് ഒമ്ബത്‌ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഉച്ചക്ക് ശേഷമാണ് ശിക്ഷ വിധിച്ചത്.