ജെഎൻയുയിൽ ‘ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാർ’പുതിയ വെളിപ്പെടുത്തൽ

337

ജെഎൻയുയിൽ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി പൊലീസിനെയും കേന്ദ്രസർക്കാരിനെയും പ്രതിരോധത്തിലാക്കി എബിവിപി മുൻ നേതാക്കളുടെ വെ‌ളിപ്പെടുത്തൽ. ക്യാംപസിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവർത്തകരും അനുഭാവികളുമാണെന്നു വ്യക്തമാക്കി ജെഎൻയു എബിവിപി യൂണിറ്റ് മുൻ വൈസ് പ്രസിഡന്റ് ജതിൻ ഗൊരയ്യ, മുൻ ജോയിന്റ് സെക്രട്ടറി പ്രതീപ് നർവാൾ എന്നിവരാണു രംഗത്തെത്തിയത്.

മുൻ യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ, നേതാക്കളായ ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ തുടങ്ങി 10 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണു പുതിയ വെളിപ്പെടുത്തൽ. ദലിത് വിദ്യാർഥി നേതാവ് രോഹിത് വേമുലയുടെ മരണത്തിനു ലഭിച്ച മാധ്യമശ്രദ്ധ വഴിതിരിച്ചു വിടാനാണു രാജ്യദ്രോഹ വിവാദം എബിവിപി ഉണ്ടാക്കിയതെന്നും ഇവർ പറയുന്നു. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും എബിവിപി പ്രവർത്തകർ കടന്നുകൂടിയിരുന്നെന്നുമുള്ള കനയ്യ കുമാർ, ഉമർ ഖാലിദ് തുടങ്ങിയവരുടെ വാദം ശരിവയ്ക്കുന്നതാണു മുൻ എബിവിപി നേതാക്കളുടെ വെളിപ്പെടുത്തൽ.

2016 ഫെബ്രുവരി 9നു ജെഎൻയു ക്യാംപസിലെ അഫ്സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട പരിപാടിയിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാണു പരാതി. 3 വർഷത്തിനു ശേഷം തിങ്കളാഴ്ചയാണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ജെഎൻയു സംഭവത്തിന് ഒരു മാസം മുൻപു 2016 ജനുവരിയിലാണു ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ രോഹിത് വേമുല ജീവനൊടുക്കിയത്. സംഭവത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉൾപ്പെടെയുള്ളവർ ആരോപണ വിധേയരായിരിക്കെയായിരുന്നു ജെഎൻയു വിവാദം.