ജേക്കബ് തോമസ് ബി.ജെ.പിയിലേക്ക്, ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തി

530

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ആർ.എസ്.എസ് നേതാക്കളുമായി ജേക്കബ് തോമസ് ചർച്ച നടത്തിയതായാണ് വിവരം. കേരളത്തിലെ മുതിർന്ന ആർ.എസ്.എസ് നേതാക്കളാണ് ഇദ്ദേഹത്തിന്റെ ബി.ജെ.പി പ്രവേശനത്തിന് ചുക്കാൻ പിടിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളാരും ഇക്കാര്യം അറിഞ്ഞിട്ടില്ല.

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ മത്സരിക്കാൻ സർവീസിൽ നിന്ന് സ്വയം വിരമിക്കലിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ സർക്കാർ ഫയൽ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിനു കൈമാറിയിട്ടില്ലായിരുന്നു. കേസുകളുടെ പൂർണ വിവരം ഡി.ജി.പിയോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതു കൂടി ലഭിച്ച ശേഷമേ കേന്ദ്ര സർക്കാരിനു കൈമാറുകയുള്ളൂ. സർക്കാർ അനുവാദമില്ലാതെ സർവീസ് സ്റ്റോറിയെഴുതി ഔദ്യോഗിക രഹസ്യങ്ങൾ വെള്ളപ്പെടുത്തിയതിനും സർക്കാരിനെ വിമർശിച്ചതിനുമായിരുന്നു സസ്പെൻഷൻ.

കേരള കേഡറിലെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബർ മാസം മുതൽ സസ്‌പെൻഷനിലാണ്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഇനിയും ഒന്നര വർഷത്തോളം സർവീസ് ബാക്കിയുണ്ട്.