തോറ്റിട്ടും ജയിച്ചു ജപ്പാൻ.

454

നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പോളണ്ടിനോട് പരാജയപ്പെട്ടിട്ടും പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടി ജപ്പാന്‍. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കൊളംബിയയെ തോല്‍പ്പിക്കുകയും രണ്ടാം മത്സരത്തില്‍ സെനഗലിനോട് സമനില വഴങ്ങുകയും ചെയ്ത് ഗ്രൂപ്പിലെ രണ്ടാമനായാണ് ജപ്പാന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെനഗലിനെ കൊളംബിയ പരാജയപ്പെടുത്തിയതും ജപ്പാന് ഗുണകരമായി. ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പോയിന്റിലും ഗോള്‍ ശരാശരിയിലും ജപ്പാനും സെനഗലിനും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ ഫെയര്‍പ്ലേ അടിസ്ഥാനമാക്കിയാണ് ജപ്പാന് നറുക്ക് വീണത്. ഫെയര്‍പ്ലേ അടിസ്ഥാനത്തില്‍ പ്രീക്വാര്‍ട്ടര്‍ പ്രവേശനം നേടുന്ന ഏക ടീമാണ് ജപ്പാന്‍. 59ആം മിനിട്ടില്‍ പോളണ്ട് താരം ജാന്‍ ബെന്‍ഡറാക്കാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. ഈ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ഒരു ഏഷ്യന്‍ രാജ്യത്തിന് അവസരമുണ്ടോ എന്നറിയാനുള്ള നിര്‍ണായക മത്സരത്തിലെ ആദ്യ പകുതി ഗോള്‍രഹിതമായി കലാശിച്ചിരുന്നു. പ്രീക്വാര്‍ട്ടറിലെത്താന്‍ ജയം അത്യാവശ്യമായിരുന്ന ജപ്പാനും ആശ്വാസ ജയം തേടിയിറങ്ങിയ പോളണ്ടും ഗോള്‍ അടിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. മത്സരം സമനിലയാകുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ജപ്പാനെ ഞെട്ടിച്ച്‌ പോളണ്ട് ഗോളടിച്ചത്. 59ആം മിനിട്ടില്‍ ബോക്സിന് തൊട്ടുമുന്നില്‍ നിന്ന് കുര്‍സാവ എടുത്ത ഫ്രീകിക്ക് ജപ്പാന്‍ പ്രതിരോധത്തെ ഭേദിച്ച്‌ ജാന്‍ ബെഡ്നാറെക് പോസ്റ്റിലെത്തിക്കുകയായിരുന്നു. പോളണ്ട് ഒരു ഗോള്‍ കൂടി അടിച്ചിരുന്നുവെങ്കില്‍ ജപ്പാന്റെ സാധ്യതകള്‍ മങ്ങുമായിരുന്നു. ഇത് മുന്നില്‍ കണ്ട് പോളണ്ട് താരങ്ങളില്‍ പന്ത് എത്താതെ പരമാവധി പരസ്പരം പാസ് നല്‍കിയായിരുന്നു പിന്നീട് ജപ്പാന്‍ കളിച്ചത്.