എറണാകുളം മുതല്‍ കാബൂള്‍ വരെ: ISS ല്‍ ചേര്‍ന്ന മെറിന്‍ ജേക്കബ് പള്ളത്ത് എന്ന മറിയം പറയുന്നത്

254

കേരളത്തില്‍ ഒരു കത്തോലിക്കക്കാരിയായി ജനിച്ചുവളരുകയും, പിന്നീട് ഐസിസിന്റെ ഉപവിഭാഗമെന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഖോറസ്ഥാന്‍ പ്രോവിന്‍സിന്റെ സംഘാംഗമെന്ന നിലയില്‍ അഫ്ഗാനിസ്ഥാനിലെ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തത  മെറിന്‍ ജേക്കബ് പള്ളത്ത് എന്ന മറിയം ഇപ്പോള്‍ നാട്ടിലെക്ക് തിരിച്ചുപോകാനാണ് ആഗ്രഹിക്കുന്നതെന്നാണ് പറയുന്നത്. മറിയമടക്കം നിരവധി ഇന്ത്യന്‍ സ്ത്രീകളുണ്ട് ഇപ്പോള്‍ തടവറയില്‍. എല്ലാവര്‍ക്കും നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹമുണ്ട്. 15 കുട്ടികള്‍ അവര്‍ക്കൊപ്പമുണ്ട്. സര്‍ക്കാരുകള്‍ കുട്ടികളെ തങ്ങളില്‍ നിന്ന് അകറ്റുമോയെന്നാണ്അവരുടെ പേടി

താന്‍ ഐസിസില്‍ ചേര്‍ന്നത് നരേന്ദ്രമോദി പ്രധാനമന്ത്രിയായത് കാരണമാണെന്ന് ഭീകരവാദ സംഘടനയായ ഐസിസില്‍ ചേര്‍ന്ന മലയാളി യുവതി മറിയം റഹൈല. മോദി പ്രധാനമന്ത്രിയായതിന് ശേഷം രാജ്യത്ത് വലിയ തോതിലുള്ള ‘മതപരമായ വിഭാഗീയത’ വളര്‍ന്നുവെന്നും തുടര്‍ന്ന് കേരളത്തില്‍ നിന്നുമുള്ള ഇരുപതോളം പേരടങ്ങുന്ന സംഘത്തിനൊപ്പം താന്‍ അഫ്‌ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടുപോയെന്നും ഇവര്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയെ ‘ഹിന്ദു ദേശീയവാദി കക്ഷിയുടെ നേതാവ്’ എന്നാണ് മറിയം വിശേഷിപ്പിച്ചത്.

ഐസിസില്‍ നടക്കുന്ന ക്രൂരതകളെ കുറിച്ച്‌ തനിക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ ‘തങ്ങള്‍ ഉയര്‍ത്തിക്കാണിച്ചത് മറ്റൊന്നായിരുന്നു’ എന്നുമാണ് മറിയത്തിന്റെ പക്ഷം. ഷാരിയ നിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ഐസിസിലേക്ക്(അഫ്‌ഗാനിസ്ഥാനിലേക്ക്) വന്നതെന്നും തങ്ങള്‍ സന്തുഷ്ടരായിരുന്നുവെന്നും ഇവര്‍ പറയുന്നുണ്ട്.

തീവ്രവാദ ആശയങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച്‌ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ ഒരു മാനേജരിലൂടെയാണ് അവരുടെ ഭര്‍ത്താവായ യഹിയ(ബെസ്റ്റിന്‍ വിന്‍സെന്റ്) എന്നയാളും മറിയവും യഹിയയുടെ സഹോദരന്‍ ഈസയും(ബെക്സിന്‍) അക്രമസ്വഭാവമുള്ള ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നും അവര്‍ വെളിപ്പെടുത്തി. നിലവില്‍ മറിയവും മറ്റ് ഐസിസ് വിധവകളും കാബൂള്‍ ജയിലിലാണെന്നാണ് വിവരം.

അഫ്‌ഗാനിസ്ഥാനിലെത്തിയ ശേഷം മറിയത്തിന്റെ ഭര്‍ത്താവ് യഹിയ അഫ്ഗാന്‍ സേനയുമായുള്ള ആക്രമണത്തിനിടെ കൊല്ലപ്പെടുകയും ശേഷം അധികം വൈകാതെ ഐസിസില്‍ തന്നെയുള്ള മറ്റൊരാളെ ഇവര്‍ വിവാഹം ചെയ്യുകയും ചെയ്തു. അബ്‌ദുള്‍ വഹാബ് എന്ന ഇവരുടെ പുതിയ ഭര്‍ത്താവിന് മറ്റൊരു ഇന്ത്യക്കാരിയും ഭാര്യയായി ഉണ്ടായിരുന്നു. നിലവില്‍ തടവറയില്‍ കഴിയുന്ന മെറിന്‍ ജേക്കബ് പള്ളത്ത് എന്ന മറിയം ഇപ്പോള്‍ നാട്ടിലെക്ക് തിരിച്ചുപോകാനാണ് ആഗ്രഹിക്കുന്നതെന്നാണ് പറയുന്നത്.