കൊച്ചിയിലെ മാളുകളില്‍ ഐസിസ് ഭീകരാക്രമണ പദ്ധതി.

169

കൊച്ചിയിലെ ഷോപ്പിംഗ് മാളുകളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യം വച്ചേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു വിവരം പൊലീസിന് ലഭിച്ചത്. കൊച്ചിയിലെ പ്രധാനപ്പെട്ട മാളുകള്‍ ഐസിസ് ഭീകരാക്രമണത്തിന് തിരഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം വിശദീകരിക്കുന്ന കത്ത് ഇന്റലിജന്‍സ് ഉന്നത പൊലീസ് മേധാവികള്‍ക്ക് കൈമാറി.ഐസിസ് ഭീകരര്‍ക്ക് ഇറാഖ്, സിറിയ, തുടങ്ങിയ ശക്തി കേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ണുവച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതാത് രാജ്യങ്ങളില്‍ നിന്ന് ഐസിസില്‍ ചേര്‍ന്നിട്ടുള്ളവരെ തിരികെ എത്തിച്ച്‌ ആക്രമണം നടത്താനാണ് പദ്ധതി. ഐസിസുമായി ബന്ധപ്പെട്ട സൈബര്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഇപ്പോള്‍ സജീവമാണ്. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണമുണ്ടായേക്കാമെന്ന് കത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മൂന്ന് കത്തുകളാണ് പൊലീസിന് ഇന്റലിജന്‍സ് കൈമാറിയിരിക്കുന്നത്. ഇതിലൊന്നിലാണ് കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യത ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കേരളത്തെ കൂടാതെ കാശ്മീര്‍, തെലങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ്, എന്നിവിടങ്ങളിലാണ് ഐസിസ് സാന്നിദ്ധ്യം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരുടെ സന്ദേശങ്ങള്‍ ടെലഗ്രാം വഴിയാണ് കൈമാറുന്നതെന്നാണ് വിവരം. ഇന്ത്യയും ശ്രീലങ്കയുമാണ് ഇപ്പോള്‍ ഭീകരരുടെ പുതിയ ആക്രമണ ലക്ഷ്യങ്ങള്‍. കേരളത്തില്‍ നിന്ന് നൂറോളം പേരാണ് ഐസിസ് ആശയങ്ങളില്‍ ആകൃഷ്ടരായി രാജ്യം വിട്ടത്.

കൊച്ചിയിലടക്കം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു തീരുമാനമെന്ന് ഐസീസ് കേസില്‍ അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ എന്‍.ഐ.എക്ക് മൊഴി നല്‍കിയിരുന്നു.

സ്‌ഫോടന സാമഗ്രികള്‍ സംഘടിപ്പിക്കാന്‍ റിയാസിനോട് ഐസിസില്‍ ചേര്‍ന്നവര്‍ നിര്‍ദേശിച്ചിരുന്നു. 2016ല്‍ ഐസിസ് ഭീകരരുടെ കേരള ഘടകം അന്‍സാറുള്‍ ഖലീഫ കൊച്ചിയിലെ ജൂതപ്പള്ളിയും ജൂതവംശജരെയും ലക്ഷ്യംവെച്ച്‌ ആക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് കേന്ദ്ര ഐ.ബിക്കു വിവരം കൈമാറിയിരുന്നു.