ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചതായി ഐസിസ് !

163

സിറിയയിലും ഇറാഖിലും വര്‍ഷങ്ങളോളം സമാന്തര ഭരണം നടത്തിയ തീവ്രവാദ സംഘടന ഐസിസ് ഇന്ത്യയില്‍ തങ്ങളുടെ പ്രവിശ്യ സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഐസിസ് വാര്‍ത്താ ഏജന്‍സിയായ ‘അമാഖ്’ആണ് ഈ വിവരം പുറത്തു വിട്ടത്. ഇന്ത്യയില്‍ ‘വിലയാ ഒഫ് ഹിന്ദ്’ എന്ന പേരിലാണ് ഐസിസ് പ്രവിശ്യയെ വിളിക്കുന്നത്. ഈ പ്രവിശ്യ കാശ്മീരിലാണ് കേന്ദ്രമാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതാദ്യമായിട്ടാണ് ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചതെന്ന് ഐസിസ് അവകാശപ്പെടുന്നത്. എന്നാല്‍ ഇന്ത്യയെപ്പോലെ അതിശക്തമായ സൈനിക ശക്തി സ്വായത്തമാക്കിയ രാജ്യത്ത് ഐസിസ് പ്രവിശ്യ പ്രഖ്യാപനം വെറും പേരില്‍ ഒതുങ്ങുമെന്നാണ് ഇസ്ലാമിക ഭീകരരെ നിരീക്ഷിക്കുന്ന അമേരിക്കന്‍ സ്ഥാപനമായ സൈറ്റ് ഇന്റല്‍ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. പക്ഷേ ഇത്തരത്തിലൊരു വെല്ലുവിളിയെ നിസാരമായി തള്ളരുതെന്നും സൈറ്റ് ഇന്റല്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഐസിസ് പ്രവിശ്യാ പ്രഖ്യാപനത്തിന് തക്ക മറുപടിയാണ് ഷോപ്പിയാന്‍ ജില്ലയിലെ അംശിപോറയില്‍ സൈന്യം നല്‍കിയത്. അടുത്തിടെ ഐസിസ് പാളയത്തിലെത്തിയ കൊടും ഭീകരനെ ഏറ്റുമുട്ടലിലൂടെ വധിച്ചാണ് സൈന്യം ഐസിസിന് മുന്നറിയിപ്പ് നല്‍കിയത്. ഇഷ്ഫാഖ് അഹമ്മദ് സോഫി എന്ന കൊടും ഭീകരനെയാണ് സൈന്യം മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിലൂടെ വധിച്ചത്. പത്ത് വര്‍ഷത്തിലേറെയായി കാശ്മീരിലെ വിവിധ ഭീകര ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സോഫി പിന്നീട് ഐസിസിലേക്ക് മാറുകയായിരുന്നു എന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ശ്രീനഗറിലെ ഐസിസ് അനുഭാവമുള്ള ഒരു മാഗസിന് സോഫി നല്‍കിയ ഇന്റര്‍വ്യൂവിലും ഇയാളുടെ ഐസിസ് ബന്ധം വെളിപ്പെടുത്തിയിരുന്നു. സുരക്ഷാ സേനയ്ക്ക് നേരെ നടന്ന നിരവധി ഗ്രനേഡ് ആക്രമണങ്ങളില്‍ ഇയാള്‍ പങ്കാളിയായിരുന്നു. കാശ്മീരില്‍ അവശേഷിച്ച ഏക ഐസിസ് ഭീകരനായിരിക്കാം സോഫി എന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.