കപ്പല്‍ പിടിച്ചെടുത്ത കാര്യം ഇറാന്‍ ഇന്ത്യയെ അറിയിച്ചു, ഇന്ത്യക്കാര്‍ സുരക്ഷിതര്‍.

230

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കപ്പല്‍ പിടിച്ചെടുത്ത വിവരം ഇറാന്‍ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അവര്‍ സുരക്ഷിതരാണെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്.

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ ഇന്ത്യക്കാര്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെഅവരുടെ മോചനത്തിനായി വിദേശകാര്യമന്ത്രാലയം നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഫലമായാണ് കപ്പല്‍ പിടിച്ചെടുത്ത വിവരം ഇറാന്‍ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

കപ്പല്‍ പിടിച്ചെടുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തിട്ടുള്ളത്.ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടില്ല. അവര്‍ കപ്പലിനുള്ളില്‍ തന്നെയാണുള്ളത്. അവര്‍ സുരക്ഷിതരാണെന്നുമാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. കപ്പലിലേക്ക് ഇറാന്‍ ഉദ്യോഗസ്ഥര്‍ കടന്നിട്ടില്ലാത്തതിനാല്‍ കപ്പലിനുള്ളിലെ ജീവനക്കാരുടെ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കില്ലെന്നും ഇറാന്‍ പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്.

കപ്പല്‍ പിടിച്ചെടുത്ത കാര്യം ഇറാന്‍ വിവരം ഔദ്യോഗികമായി അറിയിച്ച സാഹചര്യത്തില്‍ അടുത്ത നടപടിയെന്നോണം ജീവനക്കാരെ മോചിപ്പിക്കാനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം ആരംഭിച്ചു.