ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇമ്രാന്‍ഖാന്‍

379

ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഇരുരാജ്യങ്ങളും മനസ് വച്ചാന്‍ കാശ്മീര്‍ തര്‍ക്കം രമ്യമായി പരിഹരിക്കാം. റഷ്യന്‍ മാധ്യമമായ സ്പുട്നിക് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ഖാന്‍ നിലപാട് വ്യക്തമാക്കിയത്. ആയുധത്തിലൂടെ പ്രശ്നപരിഹാര ശ്രമം ബുദ്ധിശൂന്യതയാണന്നും ഇമ്രാന്‍ഖാന്‍. എന്നാല്‍ തീവ്രവാദത്തിന് സ്വതന്ത്രമായി വളരാനുള്ള സാഹചര്യമാണ് പാക്കിസ്ഥാനിലുള്ളതെന്ന് കാണാതിരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടികാട്ടി.

എസ്.സി.ഒ ലോകരാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കിര്‍ഗിസ്ഥാനിലേയ്ക്ക് പോകുന്നതിന് മുമ്പാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ റഷ്യല്‍ മാധ്യമമായ സ്പുട്നിക്കിന് അഭിമുഖം നല്‍കിയത്. ഇന്ത്യയുമായി സമാധാനചര്‍ച്ചകള്‍ക്ക് തയ്യാറാണ്. മൂന്ന് യുദ്ധങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കും വലിയ നഷ്ടമുണ്ടാക്കി.

ആയുധം കൊണ്ട് കാശ്മീര്‍ തര്‍ക്കം പരിഹരിക്കാനാകുമെന്ന് കരുതുന്നത് ബുദ്ധിശൂന്യതയാണ്.ആ പണം ദാരിദ്രം ഇല്ലാതാക്കാനാണ് ഉപയോഗിക്കേണ്ടത്.ചര്‍ച്ചകള്‍ക്കായി ലോക രാഷ്ട്രങ്ങളുടെ മധ്യസ്ഥത തേടുമോ എന്ന ചോദ്യത്തെ നിരാകരിക്കാത്ത ഇമ്രാന്‍ ഖാന്‍ ഏത് തരത്തിലാണങ്കിലും മോദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണന്ന് വ്യക്തമാക്കി.

ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് ഒരു ഹിസ്റ്റീരിയ പോലെ പാക്കിസ്ഥാന്‍ വിരുദ്ധ ഉണ്ടാക്കാനാണ് മോദിയും പാര്‍ടിയും ശ്രമിച്ചതെന്ന് കുറ്റപ്പെടുത്തിയ ഇമ്രാന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇനി സമാധാന ശ്രമങ്ങള്‍ക്ക് മോദി തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. എന്നാല്‍ എസ്.സി. ഒ സമ്മേളനത്തില്‍ ഒരേ വേദിയില്‍ ഇമ്രാന്‍ഖാനും മോദിയും എത്തിയെങ്കിലും പരസ്പരം ഹസ്തദാനം നടത്താനോ സൗഹൃദ സംഭാഷണത്തിന് ഇരുവരും തയ്യാറായില്ല.