അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇമ്രാന്‍ഖാന് തണുപ്പന്‍ സ്വീകരണം

205

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇമ്രാന്‍ഖാന് തണുപ്പന്‍ സ്വീകരണം, ഇമ്രാന്‍ഖാനെ സ്വീകരിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സെക്രട്ടറിതല സംഘത്തിലെയോ അമേരിക്കയിലെ ഉന്നത നേതൃത്വത്തിലെയോ ആരും എത്തിയിരുന്നില്ലെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രോട്ടോകോള്‍ പ്രകാരം ഒരു ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ മാത്രമാണ് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. വിദേശ രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ വരുമ്ബോള്‍ ആതിഥേയ രാജ്യത്തെ സര്‍ക്കാര്‍ പ്രതിനിധി സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തുന്നതാണ് പതിവ്.

പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, അമേരിക്കയിലെ പാകിസ്താന്‍ സ്ഥാനപതി ആസാദ് എം. ഖാന്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. കൂടാതെ അമേരിക്കയിലെ പാക് വംശജരായ നിരവധിപേരും വിമാനത്താവളത്തിന് പുറത്തെത്തിയിരുന്നു. ചാര്‍ട്ടേഡ് വിമാനം വിമാനം ഒഴിവാക്കി പകരം ഖത്തര്‍ എയര്‍വേസിന്റെ വിമാനത്തിലായിരുന്നു ഇമ്രാന്‍ഖാന്റെ യാത്ര. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലെ പാക് സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലാകും ഇമ്രാന്‍ഖാന്റെ താമസം.

ഇമ്രാന്‍ഖാനെ സ്വീകരിക്കാന്‍ അമേരിക്കന്‍ അധികൃതര്‍ എത്താതിരുന്നതിനെക്കുറിച്ച്‌ ഓണ്‍ലൈനില്‍ ട്രോളുകള്‍ നിറയുകയാണ്.. 2012ലാണ് ഇതിനുമുമ്ബ് ഇമ്രാന്‍ ഖാന്‍ അമേരിക്കയിലെത്തിയത്. അന്ന് ടൊറൊന്റോ വിമാനത്തവളത്തില്‍ അമേരിക്കന്‍ അധികൃതര്‍ തടഞ്ഞുവെച്ചത് വലിയ വാര്‍ത്തയായിരുന്നു.