മതവിശ്വാസത്തിന്റെ പ്രതീകമായിരുന്ന മീശയും താടിയും വെട്ടിയൊതുക്കി തൊപ്പി ഉപേക്ഷിച്ച് ചുളളനായി നടന്ന ഇമാമിനെ ചതിച്ചത് സഹോദരന്‍

895

മതവിശ്വാസത്തിന്റെ പ്രതീകമായിരുന്ന മീശയും താടിയും വെട്ടിയൊതുക്കി പതിവായി അണിഞ്ഞിരുന്ന തൊപ്പി ഉപേക്ഷിച്ച് ആളറിയാത്ത വിധം സുന്ദരനായി മറ്റൊരിടത്ത് മൂന്നാഴ്ച ഒളിവില്‍ കഴിഞ്ഞ ഇമാമിനെ ചതിച്ചത് സഹോദരന്‍ തന്നെ. തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിയെ പോലീസ് പൊക്കിയത് തമിഴ്‌നാട്ടിലെ മധുരയിലെ ഒരു ലോഡ്ജ് മുറിയില്‍ നിന്നും. സംഭവം പുറത്തായതിന് പിന്നാലെ സിനിമാ സ്‌റ്റൈലില്‍ പല വിധ വേഷത്തില്‍ 16 ഇടങ്ങളിലാണ് ഇയാള്‍ മാറിമാറി താമസിച്ചത്.

ഇമാമിന് ഒളിയിടങ്ങള്‍ ഒരുക്കിയിരുന്ന സഹോദരന്‍ നൗഷാദില്‍ നിന്നുമാണ് ഖാസിമി തമിഴ്‌നാട്ടില്‍ ഉണ്ടെന്ന സൂചന പോലീസിന് കിട്ടിയത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു ഇമാം കുടുങ്ങിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രഹസ്യവിവരത്തെതുടര്‍ന്നാണ് ഷാഡോ പോലീസ് മധുരയില്‍നിന്ന് ഇമാമിനെ പിടികൂടിയത്.

പേപ്പാറ വനത്തിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ ഇമാമിനെയും 14 വയസുളള സ്‌കൂള്‍ വിദ്യാര്‍ഥിനിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പു സ്ത്രീകള്‍ കണ്ടതാണ് കേസിനാസ്പദമായത്. പെണ്‍കുട്ടിയെ ഇമാം പീഡിപ്പിച്ചതായി പോലീസിനു തെളിവ് ലഭിച്ചിട്ടും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കാന്‍ തയാറായില്ല. ഇതേതുടര്‍ന്ന് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് വിതുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രമുഖ മതപ്രഭാഷകനും തൊളിക്കോട് പള്ളിയിലെ ഇമാമുമായിരുന്ന ഷഫീഖ് ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗവുമായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തന്നെയാണ് കൊണ്ടുവന്നതെന്ന് വ്യക്തമായതോടെ പള്ളിക്കമ്മറ്റി ഇമാം സ്ഥാനത്ത് നിന്നും ഇയാളെ മാറ്റി.