ഹാഫിസ് സയീദിനെ അറസ്റ്റുചെയ്യാന്‍ നീക്കം

279

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് അടക്കമുള്ളവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പഞ്ചാബ് പോലീസ് വക്താവ് നിയാബ് ഹൈദര്‍ നഖ്‌വി പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.തീവ്രവാദത്തിന് സാമ്ബത്തിക സഹായം നല്‍കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് ഹാഫിസ് സയീദ് അടക്കമുള്ളവര്‍ക്ക് എതിരെചുമത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അറസ്റ്റ് വൈകുന്നത് എന്താണെന്ന വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ഭീകരവാദികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പഞ്ചാബ് പോലീസ്വ്യക്തമാക്കിയിട്ടുള്ളത്.

ഉന്നത തലത്തില്‍നിന്നുള്ള അനുമതിക്കായി പോലീസ് കാത്തിരിക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ പ്രമുഖര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അനുമതി ലഭിച്ചാലുടന്‍ ഹാഫിസ് സയീദിന്റെ വസതി പോലീയ് റെയ്ഡ് ചെയ്യുമെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീകരവാദത്തിന് സാമ്ബത്തിക സഹായം ലഭിക്കുന്നത് തടയാന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) മുന്നോട്ടുവച്ചിട്ടുള്ള നിബന്ധനകള്‍ പാലിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാന്‍പാകിസ്താനിലെ പോലീസ് ഒരുങ്ങുന്നതെന്നാണ് സൂചന.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് പാകിസ്താനില്‍ സ്വതന്ത്രമായി വിഹരിക്കുകയാണ്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇന്ത്യ കൈമാറിയിട്ടും ഭീകരവാദി നേതാവിനെതിരെ നടപടി സ്വീകരിക്കാന്‍ പാകിസ്താന്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍, രാജ്യാന്തര സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സയീദിനെതിരെ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ കഴിഞ്ഞദിവസം തയ്യാറായിരുന്നു.