തൊഴിലാളികളെ പിരിച്ചുവിടരുത്,തൊഴിലുടമകള്‍ക്ക് കര്‍ശന നിര്‍ദേശം

193

കൊറോണ വൈറസ് രോഗത്തിന്റെ സാഹചര്യത്തില്‍ സൗകാര്യ തൊഴില്‍ മേഖലയില്‍ ഉണ്ടാകാവുന്ന ചൂഷണങ്ങള്‍ തടയാന്‍ കര്‍ശന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ പിരിച്ചുവിടാന്‍ പാടില്ലെന്നും ശമ്ബളം ഒരു കാരണവശാലും വെട്ടികുറയ്ക്കരുതെന്നുമാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇപ്പോള്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.ഇക്കാര്യം സംബന്ധിച്ച്‌ സ്വകാര്യ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ ജോലിക്കെത്താന്‍ സാധിക്കാതെ അവധിയെടുക്കുന്ന ജീവനക്കാരുടെ ശമ്ബളം വെട്ടിക്കുറയ്ക്കാന്‍ പാടില്ല. തൊഴില്‍ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് മാത്രമല്ല, ദിവസ വേതനക്കാര്‍ക്കും ഒപ്പം കരാര്‍ തൊഴിലാളികള്‍ക്കും ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ബാധകമാണെന്നും തൊഴിലുടമകള്‍ക്കായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം പറയുന്നു.