കണ്ണൂർ വളപട്ടണത്ത് സിറിയയിൽ പോയി ഐ എസിൽ ചേർന്ന അഞ്ച് യുവാക്കൾ പിടിയിൽ .

832

സിറിയയില്‍ പോയി ഐ.എസില്‍ ചേര്‍ന്ന അഞ്ച് യുവാക്കൾ കണ്ണൂര്‍ വളപട്ടണത്ത് പൊലീസ് പിടിയിൽ. കനകമലയില്‍ കഴിഞ്ഞവര്‍ഷം രഹസ്യയോഗം ചേര്‍ന്ന ഐഎസ് പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായവരെന്നും സംശയിക്കുന്നതായി പൊലീസ്. എന്നാല്‍ ഇവരുടെ പേര് വിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വളപട്ടണം മേഖലയില്‍ നിന്നുള്ളവരാണ് യുവാക്കളെന്നാണ് പ്രാഥമിക വിവരം. ഇവിടെ നിന്നും നിരവധി പേര്‍ ഐ.എസില്‍ എത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം വഴി പൊലീസിന് ലഭിച്ച വിവരം. ഏറെക്കാലമായി നാട്ടില്‍ വരാതെയുള്ള പലരും കാണാതായ ചിലരും ഐ.എസില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 15 പേര്‍ സിറിയയിലും അഫ്ഗാനിസ്ഥാനിലും പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചിട്ടുണ്ടെന്നാണ് വിവരം. സിറിയന്‍ അതിര്‍ത്തി മേഖലയില്‍ നിന്നും ഈ അഞ്ചുപേരെ പിടികൂടി ഇന്ത്യയിലേക്ക് തിരിച്ച്‌ അയക്കുകയായിരുന്നു. ഇവരെ ഡിവൈ.എസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കേരളത്തില്‍ ഇസ്ളാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ആക്രമണങ്ങള്‍ നടത്താനും കനകമലയില്‍ ചേര്‍ന്ന യോഗത്തില്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐഎന്‍എ കേസ് അന്വേഷിച്ചുവരികയാണ്. ഈ സംഭവവുമായി ബന്ധമുള്ളവരാണ് ഇപ്പോള്‍ പിടിയിലായതെന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്. സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് യുവാക്കള്‍ കഴിഞ്ഞദിവസം നാട്ടിലെത്തിയെന്ന് അറിഞ്ഞതിന് പിന്നാലെ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. 2016 ഒക്ടോബറില്‍ കനകമലയില്‍ നടന്ന ഐഎസ് ഗുഢാലോചന ക്യാമ്ബുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
അടുത്തിടെ ഇതുപോലെ ഗള്‍ഫില്‍ നിന്ന് മടക്കി അയക്കപ്പെട്ട കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി മൊയ്നുദ്ദിന്‍ പാറക്കടവത്തിനെ കനകമല രഹസ്യയോഗവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ത്തിരുന്നു. ഐഎസിനുവേണ്ടി ഇയാള്‍ രഹസ്യ ആശയപ്രചാരണം നടത്തുകയും മറ്റ് പ്രതികള്‍ക്ക് സാമ്ബത്തികസഹായം നല്‍കുകയും ചെയ്തുവെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്ബ് യുഎഇയില്‍ പിടിയിലായ മൊയ്നുദ്ദീനെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. കണ്ണൂര്‍ കനകമലയില്‍ ഐഎസ് രൂപീകരണവുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നവരുമായി ഇയാള്‍ ഓണ്‍ലൈന്‍വഴി ബന്ധപ്പെട്ടെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് അവിടെ നിന്ന് നാടുകടത്തിയത്.
കണ്ണൂര്‍ കനകമല സംഭവത്തില്‍ കോഴിക്കോട് സ്വദേശി ഷെജീര്‍ മംഗലശേരി, ചെന്നൈയില്‍ താമസിക്കുന്ന കമാല്‍ എന്നിവരെയും എന്‍ഐഎ സംഘം പ്രതിചേര്‍ത്തിരുന്നു. കേരളത്തിലെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഷെജീര്‍ മംഗലശ്ശേരിയാണ്. എന്നാല്‍ ഇയാള്‍ ഇപ്പോളും ഒളിവിലാണ്.