സവാളയുടെ പുറത്തെ കറുത്ത പൊടി ബ്ലാക്ക് ഫംഗസിനു കാരണമോ? ഇതിലെ സത്യാവസ്ഥ പരിശോധിക്കാം

    കോവിഡിനെ പോലെ തന്നെ ഭീതി ഉയര്‍ത്തുന്ന രോഗമാണ് ബ്ലാക്ക് ഫംഗസ്. പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകളാണ് ബ്ലാക്ക് ഫംഗസിന് കാരണം. കോവിഡിന് പിന്നാലെയെത്തിയ ബ്ലാക്ക് ഫംഗസിനെ കുറിച്ച് യാഥാര്‍ത്ഥ്യത്തേക്കാള്‍ വ്യാജപ്രചാരണങ്ങളാണ് നിറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് പ്രചരിച്ച ഒന്നാണ് സവാളയും ഫ്രിഡ്ജുമാണ് ബ്ലാക്ക് ഫംഗസിന് കാരണമെന്ന തരത്തിലുള്ളത്. ഹിന്ദിയില്‍ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പായിരുന്നു വളരെ വേഗം പ്രചരിച്ചിരുന്നത്.

    ”ആഭ്യന്തര ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പാലിക്കാം. അടുത്ത തവണ നിങ്ങള്‍ സവാള വാങ്ങുമ്പോള്‍, അതിന്റെ പുറത്തെ കറുത്ത പാളി ശ്രദ്ധിക്കണം. ശരിക്കും, അതാണ് ബ്ലാക്ക് ഫംഗസ്. റഫ്രിജറേറ്ററിനകത്തെ റബറില്‍ കാണുന്ന കറുത്ത ഫിലിമും ബ്ലാക്ക് ഫംഗസിന് കാരണമാകും. ഇത് അവഗണിച്ചാല്‍, ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളിലൂടെ ബ്ലാക്ക് ഫംഗസ് നിങ്ങളുടെ ശരീരത്തിലെത്തും” – ഇങ്ങനെയായിരുന്നു ബ്ലാക്ക്ഫംഗസിനെ കുറിച്ച് ഫെയ്സ്ബുക്കില്‍ പ്രചരിച്ച സന്ദേശം.

    ഈ സന്ദേശം ആളുകളില്‍ കൂടുതല്‍ ഭീതി സൃഷ്ടിക്കുകയാണ് ചെയ്തത്. ന്യൂഡല്‍ഹി ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ജെനറ്റിക് എന്‍ജിനീയറിങ് ആന്‍ഡ് ബയോടെക്‌നോളജിയിലെ ശാസ്ത്രജ്ഞനായ നസീം ഗൗര്‍ ബ്ലാക്ക് ഫംഗസിനെ കുറിച്ച് പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കിയിരിക്കുകയാണ്. റഫ്രിജറേറ്റിനുള്ളിലെ തണുത്ത പ്രതലത്തില്‍ ചില ബാക്ടീരിയകളും സൂക്ഷ്മാണുക്കളുമുണ്ടാകും. ഇവ ബ്ലാക്ക് ഫംഗസിന് കാരണമാകുകയോ ബ്ലാക്ക് ഫംഗസുമായി യാതൊരു ബന്ധമോ ഇല്ല. എന്നാല്‍ ചില രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്നതിനാല്‍ ഇത് നീക്കം ചെയ്യുന്നതാണ് ഉത്തമമെന്നാണ് നസീം ഗൗര്‍ വ്യക്തമാക്കുന്നത്.

    സവാളയുടെ കാര്യത്തിലേക്ക് വന്നാലും വിദഗ്ദര്‍ കൂടുതല്‍ വിശദീകരണം നല്‍കുന്നുണ്ട്. മണ്ണിലുണ്ടാകുന്ന ചില ഫംഗസുകള്‍ കാരണമാണ് ഉള്ളിയുടെ പുറമെ കറുത്ത പാളിയുണ്ടാകുന്നത്. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഇത് ചില ഫംഗസ് അണുബാധയ്ക്ക് കാരണമാകും. എന്നാല്‍ ബ്ലാക്ക് ഫംഗസിന് കാരണമാകില്ല. എന്നാല്‍ ഉപയോഗിക്കുന്നതിന് മുമ്പ് സവാള നന്നായി കഴുകണമെന്നാണ് ശാസ്ത്രജ്ഞനായ ഡോ. ശേഷ് ആര്‍. നവാംഗെ ചൂണ്ടിക്കാട്ടുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here