അര മണിക്കൂറിനുള്ളിൽ ഏതു സുന്ദരിയേയും ചാറ്റിംങ്ങിലൂടെ വീഴ്ത്തും. ആദ്യം മസില്‍ കാട്ടി മോഹിപ്പിക്കും. പിന്നെ നഗ്ന ഫോട്ടാേകൾ കൈമാറി കെണിയൊരുക്കും. പ്രിൻസെന്ന വ്യാജ ഐ.പി.എസ് കാരന്റെ ലീലവിലാസങ്ങൾ കണ്ട് അന്തം വിട്ട് അന്വേക്ഷണോദ്യോഗസ്ഥർ.

8959

പെൺകുട്ടികളെ കുടുക്കാന്‍ പ്രിന്‍സൊരുക്കുന്ന തട്ടിപ്പിന്റെ നെറ്റ്വര്‍ക്കില്‍ കുടുങ്ങിയത് വനിതാ ഡോക്ടര്‍മാരും ഐ.ടി പ്രൊഫഷണലുകളും. ഉന്നത വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ പോലും ഫേസ്ബുക്കില്‍ മുഖവും പേരുമില്ലാതെ പറന്നു ചാറ്റ് കെണിയൊരുക്കുന്ന പ്രിന്‍സിന്റെ വലയില്‍ കുടുങ്ങിയതു കണ്ട് അന്തം വിട്ടുപോയി അന്വേഷണ ഉദ്യോഗസ്ഥര്‍. വെറും അരമണിക്കൂര്‍ ചാറ്റ് ചെയ്താല്‍ മതി ഏതു സുന്ദരിയും പ്രിന്‍സിന്റെ വലയില്‍ കുടുങ്ങിയിരിക്കും. അവരില്‍ ഏറെയും പി.ജി ഡോക്ടര്‍മാരും, ഹൗസ് സര്‍ജന്‍മാരും ബിരുദാനന്തര ബിരുദമുള്ള ഐ. ടി പ്രൊഫഷണലുകളുമായ പെണ്‍കുട്ടികളുമാണ്. ജോബി തോമസ് എന്ന പേരിലുള്ള കോട്ടയം സ്വദേശിയായ ഐ.പി.എസ് ഉദ്യോഗസ്ഥന്റെയും മുന്‍ മന്ത്രി കെ.ബി ഗണേശ്കുമാറിന്റെയും പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ തയ്യാറാക്കി നൂറ്റമ്ബതിലേറെ യുവതികളെ കുടുക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതിയാണ് പത്തനംതിട്ട മൈലപ്ര എബിനേറ്റസര്‍ ഹോമില്‍ പ്രിന്‍സ് ജോണ്‍(24). യഥാര്‍ത്ഥ ഐ. പി. എസ്. ഉദ്യോഗസ്ഥനായ ജോബി തോമസ് മറ്റൊരു സംസ്ഥാനത്ത് ജോലി നോക്കുന്നുണ്ട്.
ജോബി തോമസിന്റെ പേരില്‍ നാലു മാസം മുന്‍പ് തുടങ്ങിയ അക്കൗണ്ടിലൂടെ പ്രിന്‍സ് ഇതുവരെ പാട്ടിലാക്കിയത് 150 പെണ്‍കുട്ടികളെയാണ്. ഈ പ്രൊഫൈലിനു വിശ്വാസ്യത ഉറപ്പാക്കാന്‍ ഗണേശ് കുമാറിന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിക്കുകയും, ഐ.പി.എസുകാരന്റെ സുഹൃത്താണെന്നു ഭാവിക്കുകയും ചെയ്തു. പ്രിന്‍സിന്റെ തട്ടിപ്പില്‍ കുടുങ്ങിയ എല്ലാവരും സാമ്ബത്തികമായി നല്ല നിലയിലുള്ളവര്‍. ഇവരില്‍ നിന്നെല്ലാം ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു. സംസാരിച്ച്‌ വലയിലാക്കുന്ന യുവതികളോട് ഇയാള്‍ പ്രേമാഭ്യര്‍ത്ഥന നടത്തും. പ്രണയക്കെണിയില്‍ വീണെന്നു ഉറപ്പിച്ചാല്‍ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്ത് ചാറ്റിങ് വീണ്ടും തുടരും.

പഞ്ചാബി റെസ്ലിംഗ് താരം ഇര്‍ഷാദ് അലി സുബൈറിന്റെ ഫോട്ടോ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജോബി തോമസിന്റേതാണെന്ന് കാട്ടിയാണ് പ്രിന്‍സ് പെണ്‍കുട്ടികളെ മോഹിപ്പിച്ചിരുന്നത്. എന്നിട്ടും പെണ്‍കുട്ടികള്‍ താല്പര്യം കാട്ടുന്നില്ലെന്ന് തോന്നിയാല്‍ മസിലുകള്‍ വികസിപ്പിച്ചുനിര്‍ത്തിയ ഫോട്ടോകള്‍ കാട്ടിയാണ് അടുപ്പിക്കുക. ഇത്തരത്തില്‍ കെണിയില്‍ കുടുങ്ങുന്ന യുവതികളെ പല രീതിയില്‍ പ്രലോഭിപ്പിച്ചു അവരുടെ നഗ്നഫോട്ടോകള്‍ ഇയാള്‍ വാങ്ങാന്‍ ശ്രമിക്കും. ആരെങ്കിലും അതിന് തയ്യാറായി നഗ്നഫോട്ടോ അയച്ചു കൊടുത്താല്‍ പ്രിന്‍സ് തട്ടിപ്പിന്റെ ഭീകരനായി മാറും. നഗ്നഫോട്ടോകള്‍ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി വന്‍തുകകള്‍ തട്ടിയെടുക്കും. നഗ്ന ഫോട്ടോകള്‍ യുവതികള്‍ അയച്ചിരിക്കുന്നത് അവരുടെ സ്വന്തം മൊബൈലില്‍ നിന്നായിരിക്കും. അതുകൊണ്ട് പെണ്‍കുട്ടികള്‍ ഭീഷണിക്കു വഴങ്ങി ആവശ്യപ്പെട്ട പണം അയച്ചു കൊടുക്കും. മുണ്ടക്കോട്ടക്കല്‍ വലിയകാലായില്‍ ജിബിന്‍ ജോര്‍ജ് (26), മണ്ണാര്‍കുളഞ്ഞി പാലമൂട്ടില്‍ ലിജോ മോനച്ചന്‍ (26) എന്നിവരാണ് പ്രിന്‍സിന്റെ സഹായികള്‍.
വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ വിശ്വാസത്തിലെടുക്കും. അതുകഴിഞ്ഞാല്‍, വിവാഹത്തിനു വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്ന എന്ന് സങ്കടം പറയും. ഇതോടെ യുവതികള്‍ നിരാശയിലാവും. ഐ.പി.എസ് ഉദ്യോഗസ്ഥനെ വിവാഹം കഴിക്കാന്‍ കൊതിക്കുന്ന പെണ്‍കുട്ടികള്‍ എന്തിനും തയ്യാറാവും. ഇതിനിടെ, വീട്ടുകാര്‍ തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്നും പത്തു പൈസപോലും കൈയിലില്ലെന്നും പ്രിന്‍സ് ദയനീയമായി പറയുന്നതോടെ കാമുകനെ സഹായിക്കാന്‍ പെണ്‍കുട്ടികള്‍ രംഗത്തിറങ്ങും. പണം അയക്കാമെന്ന് പറയുന്ന പെണ്‍കുട്ടികള്‍ക്കു ഉടന്‍ തന്നെ പ്രിന്‍സ് അക്കൗണ്ട് നമ്ബര്‍ അയക്കും. മിക്കവരും പണം അയച്ചുകൊടുക്കും. നേരത്തെതന്നെ പെണ്‍കുട്ടികളുടെ ബാങ്ക് ബാലന്‍സ് ചോദിച്ച്‌ മനസിലാക്കിയിട്ടുണ്ടാവും. 65,000 മുതല്‍ ഒന്നര ലക്ഷം വരെ രൂപയാണ് പ്രിന്‍സ് ഓരോരുത്തരില്‍നിന്നും ഇത്തരത്തില്‍ കവര്‍ന്നെടുത്തത്.
കേരളത്തിലുള്ളവരാണ് കെണിയില്‍ അകപ്പെട്ടതില്‍ അധികവും. ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലുള്ളവരും വിദേശത്തുള്ളവരും കുടുങ്ങിയിട്ടുണ്ട്. യുവതികളായ വീട്ടമ്മമാരും കെണിയില്‍ അകപ്പെട്ടെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ വ്യക്തമാക്കി. പ്രിന്‍സിന്റെ സഹോദരിയെന്ന വ്യാജേന വീഡിയോ ചാറ്റിംഗ് നടത്തിയ ഒരു സ്ത്രീയുമുണ്ട് സംഘത്തില്‍. കോട്ടയം മെഡിക്കല്‍ കോളേജിലെ പി.ജി.വിദ്യാര്‍ത്ഥിയായ ഡോ.ഡി.എസ്.പ്രിയ എന്ന പേരിലാണ് ഈ വ്യാജ സഹോദരിയെ അവതരിപ്പിക്കുന്നത്. ഈ സ്ത്രീയെയും പൊലീസ് തെരയുന്നുണ്ട്. പ്രിന്‍സ് ജോണാണ് കേസിലെ സൂത്രധാരന്‍. മറ്റ് രണ്ട് പ്രതികള്‍ സഹായികളാണ്. കട്ടപ്പന സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസായത്. പ്രിന്‍സിന്റെ കൂട്ടാളിയായ യുവതിയെ ഉപയോഗിച്ച്‌ 15,000 രൂപയും കട്ടപ്പനക്കാരിയില്‍ നിന്നും തട്ടിയെടുത്തു.
ഫേസ് ബുക്ക് വഴി തട്ടിപ്പു നടത്തിയതിന് പ്രിന്‍സ് എട്ടു മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ശിക്ഷകഴിഞ്ഞ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്നും പുറത്തിറങ്ങിയത്. അന്ന് ജയിലിലുണ്ടായിരുന്ന മഹാദേവന്റെ അക്കൗണ്ട് നമ്ബറും എ.ടി.എം കാര്‍ഡും കൈക്കലാക്കിയാണ് പ്രിന്‍സ് പുറത്തുവന്നത്. ഈ അക്കൗണ്ടിലേക്ക് പണം അയക്കുവാനാണ് യുവതികളോട് ആവശ്യപ്പെടുക. അക്കൗണ്ടില്‍ വരുന്ന പണം മഹാദേവന്റെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച്‌ പിന്‍വലിക്കുകയാണ് ചെയ്യുന്നത്.

പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനത്തിന്റെ ചുമതലക്കാരനാണെന്ന് പറഞ്ഞ് മൂന്നാഴ്ച മുമ്ബ് വ്യാജ ഐ.ഡി കാര്‍ഡുണ്ടാക്കി സ്ത്രീകള്‍ക്ക് പ്രിന്‍സ് അയച്ചുകൊടുത്തിരുന്നു. ഒരു മാസക്കാലം താന്‍ കേരളത്തിലുണ്ടാവുമെന്നാണ് പറഞ്ഞിരുന്നത്. നേരില്‍കാണാന്‍ ചില യുവതികള്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ഒഴിഞ്ഞുമാറി. കാണാന്‍ വന്നാല്‍ പലരും ശ്രദ്ധിക്കുമെന്നും പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളതിനാല്‍ താന്‍പോലും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണെന്നും അവരെ ധരിപ്പിച്ചു. മഹാരാജാസ് കോളേജില്‍ ആയുധം കണ്ടെടുത്ത കേസിന്റെ അന്വേഷണ ചുമതലയും തനിക്കാണെന്ന് ഇയാള്‍ പല യുവതികളെയും അറിയിച്ചിരുന്നു. ഇത് വിശ്വസിപ്പിക്കാനായി വ്യാജ ടി.വി വാര്‍ത്തയുടെ ഓഡിയോ ക്ലിപ്പിംഗും ഇയാള്‍ ഉണ്ടാക്കി യുവതികളെ കേള്‍പ്പിച്ചിരുന്നു. ഗണേശ്കുമാര്‍ എം.എല്‍.എയുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത് യുവതികളുടെ വിശ്വാസ്യത നേടുവാനാണെന്ന് പ്രിന്‍സ് പൊലീസിനോട് പറഞ്ഞു. ഐ.പി.എസ് ഉദ്യോഗസ്ഥനായ ജോബി തോമസിന്റെ സുഹൃത്താണ് ഗണേശ് എന്നാണ് പറഞ്ഞിരുന്നത്.
പലരില്‍ നിന്നായി തട്ടിയെടുത്ത ലക്ഷക്കണക്കിന് രൂപ സുഹൃത്തുക്കള്‍ക്കൊപ്പം ആര്‍ഭാട ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പുറമേ ആള്‍മാറാട്ടം, തട്ടിപ്പ് വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കട്ടപ്പന സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് മൂന്നു പേരെ കുടുക്കിയത്. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.