പോലീസിന് വീണ്ടും തിരിച്ചടി;ദിലീപിന് വിദേശത്തുപോകാൻ ഹൈക്കോടതിയുടെ അനുമതി

554

ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് വിദേശത്തുപോകാന്‍ കോടതിയുടെഅനുമതി. ‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷയില്‍ ഇളവു നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ദിലീപിന് അനുകൂല നിലപാടാണ് കോടതിയെടുത്തത്. ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പ്രതിഭാഗം വാദിച്ചു.

ഹര്‍ജിയില്‍ വിശദീകരണം തേടി അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി വിളിപ്പിച്ചിരുന്നു. ദുബായില്‍ പോകാന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസമാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് ഒരുങ്ങുകയാണ്. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയന്‍പതിലേറെ രേഖകളും ഉള്‍പ്പെടെയാണ് അനുബന്ധ കുറ്റപത്രം തയാറായിരിക്കുന്നത്. പള്‍സര്‍ സുനിയും ദിലീപും മാത്രമാണു ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നതായാണു വിവരം. അന്തിമ കുറ്റപത്രത്തില്‍ ദിലീപടക്കം 11 പേരാണു പ്രതികള്‍. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക.

നടി ആക്രമണ കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നീക്കം. എന്നാല്‍ ഇത്തരത്തില്‍ കുറ്റപത്രം കോടതിയിലെത്തിയാല്‍ കേസ് പൊളിയുമെന്ന നിയമോപദേശം കിട്ടിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്നു വിശദമായ കൂടിയാലോചനകള്‍ക്കൊടുവിലാണു ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ അന്വേഷണ സംഘത്തില്‍ ധാരണയായത്.