ദാവൂദ് പാകിസ്ഥാനില്‍ തന്നെ.

162

ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തില്ലെന്ന പാകിസ്ഥാന്റെ വാദം പൊളിയുന്നു. ദാവൂദിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ടതോടു കൂടിയാണ് ഇതിന് പിന്‍ബലമറിയത്.

1993ലെ മുംബയ് സ്ഫോടനത്തെ തുടര്‍ന്ന് രാജ്യം വിട്ട ദാവൂദ് പാകിസ്ഥാന്റെ സംരക്ഷണയില്‍ തന്നെയാണെന്ന് പലതവണ ഇന്ത്യ വ്യക്തമാക്കിയിട്ടും നിഷേധാത്മക നിലപാടായിരുന്നു പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ സീ ന്യൂസാണ് ദാവൂദിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.ചിത്രത്തില്‍ തന്റെ ഉറ്റ അനുയായിയും ‘ഡി കമ്ബനി’യുടെ അന്താരാഷ്‌ട്ര ശൃംഖലയുടെ മേധാവിയുമായ ജാബിര്‍ മോട്ടിവാലയുമായി സംസാരിക്കുന്ന ദാവൂദിനെയാണ് കാണാന്‍ കഴിയുന്നത്. ക്ളീന്‍ ഷേവ് ലുക്കിലാണ് ദാവൂദ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദാവൂദ് ഇബ്രാഹിമിന്റെ ചിത്രം പുറത്തു വരുന്നത്. നേരത്തെ വന്ന വാര്‍ത്തകള്‍ അനുസരിച്ച്‌ ദാവൂദ് മാറാ രോഗങ്ങളുടെ പിടിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ ചിത്രം നല്‍കുന്ന സൂചനയനുസരിച്ച്‌ പൂര്‍ണ ആരോഗ്യവാനായ ദാവൂദിനെയാണ് കാണാന്‍ കഴിയുക

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്‌ കറാച്ചിയിലെ ആഡംബര വസതിയായ ക്ളിഫ്‌ടണ്‍ ഹൗസിലാണ് ദാവൂദ് താമസിക്കുന്നത്. ഭാര്യ മെഹ്‌ജാബിനും മകന്‍ മോയിന്‍ നവാസും ദാവൂദിനൊപ്പമുണ്ട്. ദാവൂദിന്റെ ബംഗ്ളാവിന് സമീപം തന്നെയാണ് മോട്ടിവാലയുടെയും ഭവനം. 2018 ആഗസ്‌റ്റ് 17ന് ഇയാളെ സ്‌കോട്ട് ലാന്റ് യാര്‍ഡ് അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാല്‍ മോട്ടിവാല രാജ്യത്തെ മാന്യനായ ബിസിനസുകാരനാണെന്ന ക്ളീന്‍ചിറ്റു നല്‍കി പാകിസ്ഥാനി ഹൈക്കമ്മിഷന്‍ ബ്രിട്ടന് കത്ത് നല്‍കുകയായിരുന്നു. മോട്ടിവാലയില്‍ നിന്ന് ദാവൂദിലേക്ക് അന്വേഷണം എത്തിയേക്കുമോ എന്ന് ഭയന്നാണ് പാകിസ്ഥാന്‍ അങ്ങനെ ചെയ്‌തതെന്നാണ് ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

ദാവൂദിന്റെ ഡി കമ്ബനിയുടെ നിര്‍ണായക വിവരങ്ങളും ജാബിറിന്റെ പക്കലുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ എഫ്ബിഐയുമായി ബന്ധപ്പെട്ടിരുന്നു. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്‌.ഐയ്ക്കും ഡി കമ്ബനിയുമായി ബന്ധമുണ്ടെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ കരുതുന്നത്. പാകിസ്ഥാന്‍ ഭീകരസംഘടനകളുമായി ജാബിറിന് അടുപ്പമുണ്ടെന്നും ഇവര്‍ കരുതുന്നു. അറസ്റ്റിലാകും മുമ്ബ് ജാബിര്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ബ്രിട്ടനില്‍ 10 വര്‍ഷത്തെ വീസയാണ് ജാബിറിനുള്ളത്. 2028ലാണ് ഇതിന്റെ കാലാവധി കഴിയുന്നത്. അതിനിടെ ആന്റ്വിഗ ആന്‍ഡ് ബര്‍ബുഡയില്‍ പൗരത്വത്തിനും ജാബിര്‍ ശ്രമിക്കുന്നുണ്ട്.