കസ്റ്റഡി മരണം: ഇടുക്കി എസ്.പിയെ സ്ഥലംമാറ്റി

171

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ്.പി കെ.ബി. വേണുഗോപാലിനെ സ്ഥലംമാറ്റി. ഭീകരവിരുദ്ധ സ്ക്വാഡ് എസ്.പി ആയാണ് സ്ഥലംമാറ്റം. മലപ്പുറം ജില്ല പൊലീസ് മേധാവി ടി. നാരായണനെ ഇടുക്കിയില്‍ നിയമിച്ചു.

രാജ്‍കുമാറിന്റെ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള വസ്തുതാ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്ക്ക് സമര്‍പ്പിച്ചതിന് പിന്നാലെയാണ് എസ്‌.പിക്കെതിരെയുള്ള നടപടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.പിയെ സ്ഥലംമാറ്റാന്‍ ഡി.ജി.പി ശുപാ‍ര്‍ശ ചെയ്യുകയായിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാളാണ് അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് നല്‍കിയത്.

അതേസമയം നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. . ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷനാണ് അന്വേഷണ ചുമതല. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.