ക്രൂരമായ ലോക്ക് ഡൗണ്‍.വഴി മണ്ണിട്ട് പൂട്ടി കര്‍ണാടക.പുറത്തിറങ്ങാനാവാതെ മലയാളികള്‍

138

ലോറികളില്‍ കൊണ്ടുവന്ന് മണ്ണിട്ടതു കാരണം പുറത്തിറങ്ങാന്‍ കര്‍ണ്ണാടകയോട് കേഴുകയാണ്  അതിര്‍ത്തി പഞ്ചായത്തായ ദേലംപാടിപഞ്ചായത്തിലെ ഗ്രാമീണ ജനങ്ങള്‍. വടക്കന്‍ കേരളത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അതിര്‍ത്തി പഞ്ചായത്താണ് ദേലംപാടി. കര്‍ണാടകയുടെ വിചിത്രമായ ‘പൂട്ടി’ലാണ് ഇവിടം ഇപ്പോൾ .ലോറികളില്‍ കൊണ്ടുവന്ന് മണ്ണിട്ടതു കാരണം പാവപ്പെട്ട കര്‍ഷകരും തൊഴിലാളികളും ആദിവാസി വിഭാഗങ്ങളും കൂടുതലുള്ള പഞ്ചായത്ത് അത്യാവശ്യത്തിന് പുറത്തിറങ്ങാന്‍ കര്‍ണ്ണാടകയോട് കേഴുകയാണ്.കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് പ്രവേശിക്കാനുള്ള ചെറുതും വലുതുമായ 24 വഴികളും ഇന്നോടെ പൂര്‍ണമായും അടഞ്ഞിരിക്കയാണ്.

അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ജീവിക്കുന്ന പാവങ്ങള്‍ അധികമുള്ള ദേലംപാടി, കര്‍ണ്ണാടകയിലെ പുത്തൂര്‍ , സുള്യ താലൂക്കുകളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. ഈ പഞ്ചായത്തിലെ ഗ്രാമീണ ജനങ്ങള്‍ ഇപ്പോള്‍ വിചിത്രമായ ലോക്ക് ഡൗണിലാണ്. ദേലംപാടി, ഊജംപാടി, മയ്യള, ശാലത്തടുക്ക, ഹിദായത്ത് നഗര്‍, ശാന്തിമല, മുന്‍ചിങ്ങാനം, ബെള്‍പാറ്, കൊംബോട്, നൂജിബെട്ടു, അഡ്ഡംതടുക്ക തുടങ്ങിയ ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ആശ്രയിക്കുന്നത് കര്‍ണ്ണാടകയിലെ ഈശ്വരമംഗലം ടൗണിനെയാണ്. നിത്യോപയോഗ സാധനങ്ങള്‍ കൂടാതെ മരുന്നിനും വിദ്യാഭ്യാസത്തിനും വരെ ഈ ടൗണിനെയാണ് ഇന്നാട്ടുകാര്‍ ആശ്രയിക്കുന്നത്. അങ്ങനെയുള്ള ഈ നാട്ടിലെ എല്ലാ റോഡുകളും അടച്ച്‌ പൂട്ടിയത് കാരണം ഗ്രാമീണര്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.

ഈ ഭാഗങ്ങളിലുള്ളവര്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ കര്‍ണ്ണാടകയുമായി ബന്ധമുള്ള റോഡില്‍ കൂടി മാത്രമേ വഴിയുള്ളു. റോഡുകള്‍ മൊത്തം കര്‍ണ്ണാടക പൊലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് അടച്ചതോടെ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. അടിയന്തര സാഹചര്യം വന്നാല്‍ എങ്ങിനെ പുറത്തിറങ്ങും എന്നതാണ് നൂജിബെട്ടു, അഡ്ഡംതടുക്ക , കൊംബോട് ഗ്രാമത്തിലുള്ളവരെ അലട്ടുന്ന പ്രധാന വിഷയം. പൊലീസ് ബാരിക്കേഡ് വച്ചോ മുളകള്‍, ബാരലുകള്‍ എന്നിവ വച്ചോ റോഡ് അടച്ചിരുന്നെങ്കില്‍ ആവശ്യക്കാരെ കടത്തി വിടാന്‍ കഴിയുമായിരുന്നു. നൂജിബെട്ടു -മഡ്യളമജാലു റോഡ് അടച്ചിരിക്കുന്നത് ലോഡുകണക്കിന് മണ്ണ് കൊണ്ടുവന്ന് റോഡില്‍ കുന്നുപോലെ കൂട്ടിയിട്ടാണ്.

അധികാരികള്‍ അടിയന്തര പ്രധാന്യത്തോടെ റോഡില്‍ കൂട്ടിയിട്ട മണ്‍കൂനകള്‍ നീക്കി ബാരിക്കേഡുകള്‍ സ്ഥാപിച്ച്‌ റോഡ് യാത്ര നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെആവശ്യം. കാസര്‍കോട് ജില്ലാ ഭരണകൂടം കര്‍ണാടകയുമായി വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.