കൊറോണ : സൗദിയില്‍ പ്രവേശനത്തിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി, കുവൈറ്റിലും നിയന്ത്രണം

170

കൊറോണ ( കൊവിഡ് 19) ഭീതിയെതുടര്‍ന്ന് സൗദിയില്‍ പ്രവേശനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. സൗദി അറേബ്യയിലേക്ക് റീഎന്‍ട്രി ഉള്‍പ്പെടെ ഏത് വിസയില്‍ വരുന്നവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.. കൊവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങളില്‍നിന്നും സൗദിയിലേക്ക് വരുന്നവര്‍ക്കാണ് നിയമം ബാധകമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ വിസക്കും റീ എന്‍ട്രിയില്‍ നാട്ടിലേക്ക് പോയി രണ്ടാഴ്ചയിലധികം തങ്ങിയവര്‍ക്കും പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.സൗദി കോണ്‍സുലേറ്റിന്‍റെ അംഗീകാരമുള്ള ആരോഗ്യകേന്ദ്രങ്ങളില്‍നിന്ന് യാത്രയുടെ 24 മണിക്കൂര്‍ മുമ്ബ് എടുത്ത സര്‍ട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച്‌ യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസുകള്‍ നല്‍കേണ്ട ഉത്തരവാദിത്തം അതത് വിമാന കമ്ബനികള്‍ക്കായിരിക്കുമെന്നും അധികൃതര്‍അറിയിച്ചു.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ല്‍ സൗദിയിലേക്ക് യു.എ.ഇ, ബഹ്‌റിന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും റോഡ്മാര്‍ഗം യാത്രക്കാര്‍ക്ക് ഇനി പ്രവേശിക്കാനാവില്ല. ചരക്കുഗതാഗതം മാത്രമേ അനുവദിക്കൂ.അതേസമയം കോവിഡ് ഭീതിയെ തുടര്‍ന്ന് 6 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈറ്റ് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസും കുവൈറ്റ് നിറുത്തിവച്ചു. 6 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തിയെന്ന് പുലര്‍ച്ചെയാണ് അറിയിപ്പ് ലഭിച്ചത്. കുവൈറ്റിലേക്ക് പോകാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ 170 യാത്രക്കാര്‍ക്ക് മടങ്ങേണ്ടി വന്നു. ഇതോടെ വിസ കാലാവധി തീരുന്നതടക്കമുള്ള യാത്രക്കാര്‍ പ്രതിസന്ധിയിലായി.