മനുഷ്യ രാശിക്ക് മോല്‍ നാശം വിതച്ചു കൊണ്ടിരിക്കുമ്ബോള്‍ പ്രകൃതിക്ക് ഗുണമായി ഭവിച്ചു മഹാമാരി കൊറോണ

198

കോവിഡ് 19 വൈറസ്എന്ന  മഹാമാരി കാരണം ലോകത്താകെ മറ്റൊരു ഗുണഫലം ഉണ്ടാകുന്നതായി പരിസ്ഥിതിപ്രവര്‍ത്തകര്‍ കണ്ടെത്തിയിരിക്കുന്നു. അത് മറ്റൊന്നുമല്ല. ലോകമാകെ മലിനീകരണത്തോത് കുറഞ്ഞുവെന്നതാണത്. കോവിഡ് 19 വൈറസ്, ലോക സമ്ബദ്വ്യവസ്ഥയെ മന്ദീഭവിപ്പിക്കുകയും രാജ്യങ്ങളെ മുഴുവന്‍ നിശ്ചലമാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ജനങ്ങളുടെ ദൈനംദിന ജീവിതം പോലും തകിടം മറിഞ്ഞുകഴിഞ്ഞു.എങ്ങോട്ട് നോക്കിയാലും വൈറസ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് കാണുന്നതും കേള്‍ക്കുന്നതും.  ഇതിനിടയിലാണ്
കോവിഡ് 19 വൈറസ്എന്ന  മഹാമാരി കാരണം ലോകത്താകെ മറ്റൊരു ഗുണഫലം ഉണ്ടാകുന്നതായി പരിസ്ഥിതിപ്രവര്‍ത്തകര്‍ കണ്ടെത്തിയിരിക്കുന്നത് .വര്‍ഷങ്ങളായി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്ന നാമോരോരുത്തരും ആഗ്രഹിക്കുകയോ പരിശ്രമിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്ന ഒരു കാര്യമാണ്, മലിനീകരണം കുറയ്ക്കുകയെന്നത്.

ലോകരാജ്യങ്ങളെല്ലാം പരിശ്രമിച്ചിട്ടും പദ്ധതികളാവിഷ്‌കരിച്ചിട്ടും നടക്കാത്ത കാര്യമായിരുന്നു മലിനീകരണത്തോതെങ്കിലും കുറയ്ക്കുകയെന്നത്. കോവിഡ് 19 എന്ന മഹാമാരി ലോകമാകെ ജനങ്ങള്‍ക്ക് മോല്‍ നാശം വിതച്ചു കൊണ്ടിരിക്കുമ്ബോള്‍ പ്രകൃതിക്ക് അതൊരു ഗുണമായി ഭവിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. രോഗപ്രതിരോധത്തിനായി പലരാജ്യങ്ങളും പൂര്‍ണ്ണമായ അടച്ചിട്ടപ്പോള്‍ ആഗോള മലിനീകരണത്തോത് ഗണ്യമായി കുറഞ്ഞുവെന്നാണ് ഏറ്റവും പുതിയ പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.നിരത്തുകളില്‍ വാഹനങ്ങള്‍ കുറഞ്ഞു. മിക്ക വ്യവസായശാലകളും അടച്ചു പൂട്ടി. ബീച്ചുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കുറഞ്ഞു. ഇപ്രകാരം പ്രകൃതിയില്‍ മാലിന്യം അടിഞ്ഞുകൂടുന്നവളരെയധികം കുറഞ്ഞു.വായുവും പ്രകൃതിയും മലിനമാകുന്നതിന്റെ തോത് കുറഞ്ഞു. കോവിഡ് 19 ഏറ്റവുമധികം ബാധിച്ച ചൈന, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അതിശയകരമായാണ് മലിനീകരണം കുറഞ്ഞത്.രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ശേഷമുള്ള ആറാഴ്ചയായി, ഏഷ്യയിലെയും യൂറോപ്പിലെയും നഗരങ്ങളില്‍ നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വായുവിനെ ഏറെ മലിനമാക്കുന്ന ഒരു വിഷവാതകമെന്ന് ലോകാരോഗ്യ സംഘടന പറയുന്ന നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ അളവ് അന്തരീക്ഷത്തില്‍ കുറഞ്ഞത് ശുഭസൂചകമാണ്.

കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ചൈനയിലെ ഫാക്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറച്ചു. അതിനാല്‍ത്തന്നെ ചൈനയുടെ മലിനീകരണത്തോത് നല്ല രീതിയില്‍ കുറഞ്ഞു.കോവിഡ് വരും വരെ ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട രാജ്യങ്ങളിലൊന്നായിരുന്ന ചൈനയ്ക്ക് ഇനി ശുദ്ധവായു ശ്വസിക്കാം. കിഴക്കന്‍, മദ്ധ്യ ചൈനയിലുടനീളമുള്ള നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ അളവ് സാധാരണയേക്കാള്‍ 10-30% കുറവാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.ഈ മാറ്റം ഏറ്റവും കൂടുതല്‍ കാണാന്‍ കഴിയുന്നത് വുഹാന്‍ നഗരത്തിലാണ്. 11 ദശലക്ഷം ജനസംഖ്യയുള്ള ഒരു നഗരമായിരുന്നു അത്. ഒരു പ്രധാന ഗതാഗത കേന്ദ്രമായി വര്‍ത്തിക്കുന്ന വുഹാനില്‍, നൂറുകണക്കിന് ഫാക്ടറികളുമുണ്ട്. ജനുവരി അവസാനത്തോടെ ഈ നഗരം പൂര്‍ണമായും അടച്ചു പൂട്ടിയിരുന്നു.

‘അന്തരീക്ഷ മലിനീകരണം കാരണം മരിക്കുന്നവരുടെ എണ്ണം നോക്കിയാല്‍, കോവിഡ് 19 മൂലമുള്ള മരണസംഖ്യ കുറവാണെന്നുവേണമെങ്കില്‍ പറയാം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ ലോകമെമ്ബാടും ഏഴ് ദശലക്ഷം ആളുകളാണ് മലിനീകരണം മൂലം മരിക്കുന്നത്. ഈ മഹാമാരി മൂലം ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഇതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ പരിസ്ഥിതിക്കും ഇതുമൂലം ഗുണമുണ്ടായിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുംബൈയിലെ ഏറ്റവും ജനപ്രിയവും തിരക്കേറിയതുമായ സ്ഥലങ്ങളിലൊന്നായ ജുഹു ബീച്ചും അടച്ചുപൂട്ടലിനെ തുടര്‍ന്ന് മാലിന്യമില്ലാത്ത മനോഹരമായ ഒരു സ്ഥലമായി മാറി. രോഗബാധകാരണം സിനിമാശാലകള്‍, സ്‌കൂളുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവ മാര്‍ച്ച്‌ 31 വരെ അടച്ചുപൂട്ടുകയും ധാരാളം ആളുകള്‍ വീട്ടില്‍ ഇരുന്ന് ജോലിചെയ്യുകയുമായതിനാല്‍, എല്ലായ്‌പ്പോഴും നിറഞ്ഞിരിക്കുന്ന ഡല്‍ഹി റോഡുകള്‍ ഇപ്പോള്‍ ശൂന്യമാണ്. ഇതുമൂലം മലിനീകരണം കുറഞ്ഞതായും ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍, ഇത് താത്കാലികമായ ഒരു സ്ഥിതിവിശേഷമെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ പറയുന്നത്. രോഹബാധമൂലം ആഗോള സാമ്ബത്തിക സ്ഥിതി മോശമാവുകയാണ്. ഇത് ഭാവിയില്‍ കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാന്‍ കൈക്കൊള്ളുന്ന പദ്ധതികളെ പ്രതികൂലമായി ബാധിക്കാമെന്ന് കാലാവസ്ഥാ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.