ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി

571

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ദേശീയ തലത്തില്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുന്ന സ്വാകാര്യ ബില്‍ ഇന്ന് രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബിജെപിയുടെ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗം ഡോക്ടര്‍ കിറോഡി ലാല്‍ മീണയാണ് സ്വകാര്യബില്‍ കൊണ്ടുവന്നത്. രാജ്യത്തെ മതനിരപേക്ഷ സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന ഈ ബില്ല് സഭയില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഇടതുപക്ഷം നിലപാടെടുത്തു.

ഡിഎംകെ, എംഡിഎംകെ, ആര്‍ജെഡി തുടങ്ങിയ കക്ഷികളും കോണ്‍ഗ്രസ്സിലെ ഏതാനും എംപിമാരും ഈ നിലപാടിനെ പിന്തുണച്ചു മുന്നോട്ടുവന്നു. സിപിഐ എം ഉപനേതാവ്‌ എളമരം കരീം, തിരുച്ചി ശിവ, വൈക്കോ എന്നീ എംപിമാര്‍ ബില്ലിന് അവതരണാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സഭാധ്യക്ഷനും സെക്രട്ടറി ജനറലിനും രാവിലെതന്നെ കത്ത് നല്‍കിയിരുന്നു. ബില്‍ അവതരണത്തിനായി രാജ്യസഭാ ഉപാധ്യക്ഷന്‍ ഡോക്ടര്‍ കിറോഡി ലാല്‍ മീണയെ ക്ഷണിച്ചപ്പോള്‍ പ്രതിപക്ഷം പ്രതിഷേധിച്ചു ബഹളം വച്ചു. പക്ഷെ ആ സമയത്തു സീറ്റില്‍ നിന്നും മാറിയ മീണ ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചില്ല. രാജസ്ഥാന് പ്രത്യേക സാമ്ബത്തിക സഹായത്തിനുള്ള മറ്റൊരു ബില്ലാണ് മടങ്ങിവന്ന ശേഷം അദ്ദേഹം അവതരിപ്പിച്ചത്.

ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ സഭയില്‍ നടന്ന ശക്തമായ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്താണ് വിവാദ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറിയത്. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളെ ഇനിയും ശക്തമായി എതിര്‍ക്കുമെന്ന് സിപിഐ എം ഉപനേതാവ് എളമരം കരീം പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതിപക്ഷനിരയ്ക്കാകെ നേതൃത്വം കൊടുക്കാന്‍ ഇനിയും ഇടതുപക്ഷം മുന്നോട്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.