അടിപൊളി ലുക്കില്‍ ഇനി രമേശ് ചെന്നിത്തല.. ചെന്നിത്തലയെ സുന്ദരനാക്കിയത് പൃഥ്വിരാജിന്റെ ഹെയര്‍സ്‌റ്റൈലിസ്റ്റ്‌

5100

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെരൂപമാറ്റം കുറച്ചു നാളായി പലരും ശ്രദ്ധിച്ച് തുടങ്ങിയിട്ട്.ഏറെ വര്‍ഷങ്ങളായി പരിചിതമായ ആ മുഖത്തിന് വന്ന മാറ്റം എല്ലാവര്‍ക്കും ഒറ്റ നോട്ടത്തില്‍ മനസ്സിലായി. ഹെയര്‍സ്‌റ്റൈലില്‍ വരുത്തിയ മാറ്റം ചെന്നിത്തലയെ കൂടുതല്‍ സുന്ദരനാക്കിയിരിക്കുകയാണ്. വശത്തു നിന്നു ചീകി ഒതുക്കിയിരുന്ന മുടി ഇപ്പോള്‍ അരികുകള്‍ വെട്ടി മുകളിലേയ്ക്ക് ഉയര്‍ത്തിയ നിലയിലാണ്. മുഖം കൂടുതല്‍ ചെറുപ്പമാക്കി മാറ്റി പുതിയ സ്‌റ്റൈല്‍. ഏറെ ശ്രദ്ധിക്കപ്പെട്ട പ്രതിപക്ഷ നേതാവിന്റെ സ്‌റ്റൈലിന് പിന്നില്‍ സിനിമാ രംഗത്ത് ഏറെ പ്രശസ്തനായ വ്യക്തിയാണ്.

തിരുവനന്തപുരത്തു നിന്നുള്ള വിജയ് ബാബു എന്ന ഹെയര്‍സ്‌റ്റൈലിസ്റ്റിനാണ് ഇതിന്റെ ക്രെഡിറ്റ്. കഴിഞ്ഞ പത്തു വര്‍ഷമായി പൃഥ്വിരാജിന്റെ സ്‌റ്റൈലിന് പിന്നില്‍ വിജയ് ആണെന്ന് അറിയുമ്പോഴാണ് ഈ സ്‌റ്റൈലിസ്റ്റിന്റെ ഡിമാന്റ് മനസ്സിലാകുന്നത്. ജയസൂര്യ, ജയറാം എന്നിവരും വിജയുടെ സ്‌റ്റൈലിലാണ് എത്തുന്നത്.

എങ്ങനെയാണ് ചെന്നിത്തലയ്ക്ക് പുതിയ ലുക്ക് നല്‍കിയതെന്ന ചോദ്യത്തിന് വളരെ ചെറിയ മാറ്റം മാത്രമാണ് നടത്തിയതെന്നാണ് മറുപടി. ഒരു വശത്തേയ്ക്ക് ചീകി വെയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തിന് വലിപ്പം തോന്നിച്ചിരുന്നു. അത് സ്വാഭാവികമായ നിലയിലേയ്ക്ക് എത്തിച്ചു. വെളുപ്പു മുടികള്‍ അദ്ദേഹത്തിന് കുറവാണ്. ഉള്ളവയെ നാച്യുറല്‍ ഹെയര്‍ കളറിലേയ്ക്ക് മാറ്റിയപ്പോള്‍ പുതിയ ലുക്കായി എന്നും വിജയ് പറയുന്നു. കണ്ണമ്മൂലയിലുള്ള ഫെയര്‍ പാര്‍ലറാണ് വിജയുടെ സൗന്ദര്യ ലോകം.