ബിജെപി കേവലഭൂരിപക്ഷമായ 113 എന്ന മാന്ത്രികസംഖ്യ തികയ്ക്കാനുള്ള തന്ത്രങ്ങളുടെ പണിപ്പുരയിലാണ്.

172

സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായ കർണാടകയിൽ ഭരണം പിടിക്കാൻ ബിജെപിയും കോണ്‍ഗ്രസും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. 104 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി കേവലഭൂരിപക്ഷമായ 113 എന്ന മാന്ത്രികസംഖ്യ തികയ്ക്കാനുള്ള തന്ത്രങ്ങളുടെ പണിപ്പുരയിലാണ്. മറ്റുപാര്‍ട്ടികളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുക എന്നതാണ് ബിജെപിക്ക് മുന്നിലുള്ള ഏക പോംവഴി. അതിനുള്ള നടപടികള്‍ ബിജെപി ആരംഭിച്ചു കഴിഞ്ഞു. പണവും പദവിയും കണ്ടാല്‍ മറുകണ്ടം ചാടുന്ന കോണ്‍ഗ്രസ് അംഗങ്ങളെ തന്നെയാണ് ബിജെപി തുടക്കത്തില്‍ സമീപിക്കുന്നത്. പല കോണ്‍ഗ്രസ് എംഎല്‍എമാരെയും ഇതിനോടകം ബിജെപി സമീപിച്ചിട്ടുണ്ട്. പിന്തുണയ്ക്കായി ബിജെപി തന്നെ സമീപിച്ചെന്ന് ഒരു കോണ്‍ഗ്രസ് എംഎല്‍എ തന്നെ വെളിപ്പെടുത്തിയിരിക്കുയാണ്. മന്ത്രിപദം വാഗ്ദാനം ചെയ്ത് ബിജെപി തന്നെ സമീപിച്ചതായി അമരഗൗഡ പാട്ടീല്‍ ബയ്യാപൂര്‍ പറഞ്ഞു. ബിജെപി നേതാക്കളില്‍ നിന്ന് എനിക്കൊരു കോള്‍ വന്നു. ഞങ്ങള്‍ക്കൊപ്പം വരൂ, നിങ്ങള്‍ക്ക് മന്ത്രിപദം നല്‍കാമെന്നാണ് അവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഞാന്‍ ഇവിടെ ഉറച്ച്‌ നില്‍ക്കുകയാണ്. എച്ച്‌ഡി കുമാരസ്വാമിയാണ് ഞങ്ങളുടെ മുഖ്യമന്ത്രി. അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നീക്കങ്ങള്‍ മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് തങ്ങളുടെ അംഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള കഠിനപ്രയത്‌നത്തിലാണ്. ഇന്ന് രാവിലെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേരുന്നുണ്ട്. രാവിലെ ചേര്‍ന്ന യോഗത്തില്‍ ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ പങ്കെടുത്തിട്ടില്ലെന്നാണ് സൂചന. അതേസമയം, ഒരു സ്വതന്ത്ര എംഎല്‍എ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടക പ്രജ്ഞാവന്താ ജനതാപാര്‍ട്ടിയുടെ ബാനറില്‍ മത്സരിച്ച്‌ ജയിച്ച ആര്‍ ശങ്കറാണ് യെദ്യൂരപ്പയുടെ വീട്ടിലെത്തി സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളില്‍ ബിജെപിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ നീക്കം.
റാണിബെന്നൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച ശങ്കര്‍ 63, 910 വോട്ടകള്‍ക്കാണ് വിജയിച്ചിരിക്കുന്നത്. ശങ്കറിന്റെ പിന്തുണയോടെ ബിജെപിയുടെ അംഗബലം 105 ആയി. കേവലഭൂരിപക്ഷത്തിന് 113 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പിക്കാന്‍ ഇനി ഏഴ് എംഎല്‍എമാരുടെ പിന്തുണ കൂടി വേണം. കോണ്‍ഗ്രസും ജെഡിസും ചേര്‍ന്നാല്‍ കേവലഭൂരിപക്ഷമായ 113 എന്ന മാന്ത്രികസംഖ്യം മറികടക്കാന്‍ കഴിയും. കോണ്‍ഗ്രസിന് 78 ഉം ജെഡിഎസിന് 37 ഉം എംഎല്‍എമാരാണ് ഉള്ളത്. ബിഎസ്പി അംഗവും മറ്റൊരു സ്വതന്ത്രനും കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.