സര്‍വീസ് വോട്ടുകളില്‍ ബി.ജെ.പി.ക്കു മുന്‍തൂക്കം കിട്ടി: പരിശോധിക്കാന്‍ സി.പി.എം

199

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍  സര്‍വ്വീസ് വോട്ടര്‍മാരില്‍ ബി.ജെ.പി.ക്ക് മുന്‍തൂക്കം കിട്ടിയതെങ്ങനെയെന്ന് സി.പി.എം. മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ നേതൃത്വത്തിന്റെ ചോദ്യം. സര്‍വ്വീസ് സംഘടനാരംഗത്ത് അത്ര ശക്തിയില്ലാത്ത ബി.ജെ.പി.ക്ക് തിരുവനന്തപുരത്ത് ഇത്തരത്തില്‍ മുന്നേറാനായത് അദ്ഭുതകരമാണെന്നും ഇതു ഗൗരവമായി പരിശോധിക്കേണ്ടതാണെന്നുമാണ് ഇന്നലെ തിരഞ്ഞെടുപ്പ് വിശകലനവുമായി ബന്ധപ്പെട്ട തെക്കന്‍മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ നേതൃത്വം ചൂണ്ടിക്കാട്ടിയത്. ആറ്റിങ്ങലില്‍ പാര്‍ട്ടിക്കുണ്ടായ വോട്ടുചോര്‍ച്ച ഭയാനകമാണ്. സംസ്ഥാനത്താകെ വോട്ടെടുപ്പിനു ശേഷം പാര്‍ട്ടി പ്രതീക്ഷിച്ച കണക്കില്‍ പറഞ്ഞതിനേക്കാള്‍ 17 ലക്ഷം വോട്ടുകളുടെ കുറവാണ് ഫലം വന്നപ്പോള്‍ സംഭവിച്ചത്.പാര്‍ട്ടിയുടെ കണക്കുകള്‍ തീര്‍ത്തും പാളി. ജനവികാരം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി തീര്‍ത്തും പരാജയപ്പെട്ടെന്നു വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പുഫലമെന്നും റിപ്പോര്‍ട്ടിങ്ങില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

അക്രമരാഷ്ട്രീയം ആരോപിച്ച്‌ എതിരാളികള്‍ നടത്തിയ പ്രചാരണവും ശബരിമലവിഷയത്തിലെ യഥാര്‍ത്ഥ പ്രശ്നം വോട്ടര്‍മാരെ ഫലപ്രദമായി ബോദ്ധ്യപ്പെടുത്തുന്നതില്‍ വന്ന വീഴ്ചയും തിരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. 20 മണ്ഡലങ്ങളിലും 2014-ലേക്കാള്‍ വോട്ട് കുറഞ്ഞു. ആലപ്പുഴയില്‍ ജയിച്ചെങ്കിലും വോട്ടുനിലയില്‍ കുറവാണുണ്ടായിട്ടുള്ളത്. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977-ല്‍ ഉണ്ടായ തോല്‍വിക്കു സമാനമാണ് ഇത്തവണത്തെ തോല്‍വി. ശബരിമലവിഷയത്തില്‍ ഹൈന്ദവ ഏകീകരണത്തിനുള്ള വര്‍ഗീയനീക്കമാണ് ബി.ജെ.പി. നടത്തിയത്. എന്നാല്‍, നവോത്ഥാന മൂല്യസംരക്ഷണസമിതി രൂപവത്‌കരിക്കുക വഴി അതിനു തടയിടാനായി. ശബരിമല വിധിയുമായി ബന്ധപ്പെട്ട് വനിതാമതിലിനു ശേഷം രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിനെ എതിരാളികള്‍ ഉപയോഗപ്പെടുത്തിയതും പാര്‍ട്ടി അനുഭാവികളെ സ്വാധീനിച്ചിട്ടുണ്ടെന്നും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്.

ജൂലായ് 22 മുതല്‍ 28 വരെയുള്ള ഒരാഴ്ചക്കാലം സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി അംഗങ്ങളും എം.പി.മാരും എം.എല്‍.എ.മാരും തദ്ദേശഭരണ ജനപ്രതിനിധികളുമുള്‍പ്പെടെ വീടുകള്‍ സന്ദര്‍ശിച്ച്‌ ജനങ്ങളോട് നിലപാടുകള്‍ വിശദീകരിക്കുകയും അവര്‍ക്കു പറയാനുള്ളതു കേള്‍ക്കുകയും ചെയ്യും. ഓഗസ്റ്റില്‍ ലോക്കല്‍ അടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പാര്‍ട്ടി കുടുംബങ്ങളുടെ യോഗങ്ങള്‍ വിളിച്ച്‌ അവരിലുണ്ടായ അകല്‍ച്ച മാറ്റിയെടുക്കാന്‍ ശ്രമിക്കണമെന്നും റിപ്പോര്‍ട്ടിങ്ങില്‍ പറഞ്ഞു.