ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന. ഫോണുകളും സ്വിച്ച്‌ ഓഫ്

151

ബിനോയ് കോടിയേരി  ഒളിവിലാണെന്നാണ് സൂചന. ബിനോയിയെ കസ്റ്റഡിയിലെടുക്കാന്‍ കണ്ണൂരിലെത്തിയ മുംബയ് പൊലീസിന് ബിനോയിയെ കണ്ടുപിടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ട് ഫോണുകളും സ്വിച്ച്‌ ഓഫാക്കിയ ബിനോയി നിലവില്‍ ഒളിവിലാണെന്നാണ് സൂചന. ബിനോയിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് കേരള പൊലീസിനോട് മുംബയ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് ഇന്ന് ബിനോയിയുടെ വീട്ടില്‍ എത്തിക്കും. മുംബയില്‍ നിന്നുള്ള എസ്. ഐ വിനായക് യാദവ്, എ. എസ്. ഐ ദേവാനന്ദ് പവാര്‍ എന്നിവരാണ് ഇന്നലെ വൈകിട്ട് കണ്ണൂരിലെത്തിയത്. സംഘം കണ്ണൂര്‍ എസ്.പി പ്രതീഷ് കുമാറുമായി മൂന്നു മണിക്കൂറോളം ചര്‍ച്ച നടത്തി.

മുംബയ് ഓഷിവാര പൊലീസ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി നേരത്തെ അവകാശപ്പെട്ടിരുന്നു. വിഷയം വിവാദമായ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിന് മുംബയ് പൊലീസ് കണ്ണൂരിലെത്തിയത്.

ബിനോയ് കോടിയേരിയുടെ വീട് സ്ഥിതിചെയ്യുന്ന ന്യൂമാഹി പോലീസ് സ്‌റ്റേഷനിലെത്തിയും ഇവര്‍ തെളിവുകള്‍ ശേഖരിച്ചു. അതേസമയം, കേസിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ മാത്രമല്ല, ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കാനാണ് മുംബയ് പൊലീസ് കണ്ണൂരിലെത്തിയതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. എസ്.പിയുമായി മാദ്ധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോഴും തനിക്കൊന്നും അറിയില്ലെന്നും മുംബയ് പൊലീസുമായി ബന്ധപ്പെടമെന്നുമായിരുന്നു മറുപടി.

യുവതിക്കെതിരെ ബിനോയ് കോടിയേരി ഒന്നര മാസം മുന്‍പ് കണ്ണൂര്‍ റെയ്ഞ്ച് ഐജിക്ക് പരാതി നല്‍കിയെങ്കിലും അതിലും നടപടിയൊന്നുമുണ്ടായില്ല. യുവതി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി.