ബാലഭാസ്‌കറിന്റെ മരണം: കാര്‍ ഓടിച്ചത് അര്‍ജുൻ തന്നെ;നിർണായക തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച്

197

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ നിര്‍ണായക തെളിവ് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. അപകടമുണ്ടായ സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അര്‍ജുന്‍ ആണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി.

അര്‍ജുന് തലയ്ക്ക് പരിക്കേറ്റത് മുന്‍ സീറ്റില്‍ ഇരുന്നതിനാലാണെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം. ബാലഭാസ്‌കര്‍ പിന്‍സിറ്റില്‍ മധ്യഭാഗത്തായിരുന്നു ഇരുന്നതെന്നും വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മാത്രമായിരുന്നുവെന്നും ഫോറന്‍സിക് അന്വേഷണത്തില്‍ കണ്ടെത്തി.

ഇതേതുടര്‍ന്ന് അര്‍ജുനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാകുറ്റം ചുമത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. അപകടമുണ്ടായപ്പോള്‍ കാര്‍ അമിത വേഗതയിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബര്‍ 25നായിരുന്നു ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നത്. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി ഉണ്ണി വാഹനാപകടത്തില്‍ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് നല്‍കിയത്.

അപകടമുണ്ടായ സമയത്ത് കാര്‍ ഓടിച്ചത് ആരായിരുന്നുവെന്നതിനെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതില്‍ വ്യത്യസ്തമായ ദൃക്‌സാക്ഷി മൊഴികളുമുണ്ടായത് അന്വേഷണ സംഘത്തെ വലച്ചു. ഈ കുരുക്കഴിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തുകയായിരുന്നു.

അര്‍ജുനാണ് കാര്‍ അപകട സമയത്ത് ഓടിച്ചിരുന്നതെന്ന് ഈ പരിശോധനയില്‍ തെളിഞ്ഞു. അര്‍ജുന്റെ തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റിരുന്നു. ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ പരിക്കേല്‍ക്കുക. ഇടത് ഭാഗത്തെ സീറ്റില്‍ ഇരുന്ന ലക്ഷ്മി സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. പുറകില്‍ മധ്യഭാഗത്തായിട്ടാണ് ബാലഭാസ്‌കര്‍ ഇരുന്നിരുന്നത്.

സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതിനാലാണ് ഇടിയുടെ ആഘാതത്തില്‍ മരണത്തിന് കാരണമായത്. അതേസമയം അപകടത്തില്‍ അസ്വഭാവികത ഇല്ലെന്നാണ് ഫോറന്‍സിക് പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് വിലയിരുത്തുന്നത്.