രാജ്യമെങ്ങും സുരക്ഷ ശക്തം; സുപ്രീംകോടതിയിലേക്കുള്ള റോഡുകള്‍ അടച്ചു; ചീഫ് ജസ്റ്റിന്റെ വസതിയില്‍ കൂടുതല്‍ പോലീസ്

35

ശനിയാഴ്ച പത്തരയോടെ പുറത്തുവരാനിരിക്കുന്ന അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ കനത്ത സുരക്ഷാ വലയത്തില്‍. വിധിയുടെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയിലും സുരക്ഷ ശക്തമാക്കി. സുപ്രധാന വിധി വരുന്നതിന് മുന്നോടിയായി എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുന്‍കരുതല്‍ എന്ന നിലയില്‍ കോടതിയുടെ സുരക്ഷയും ശക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതിലേക്കുള്ള റോഡുകള്‍ അടച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ഡല്‍ഹിയിലെ വസതിക്ക് മുന്നിലും പോലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അടക്കം ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരുടെ സുരക്ഷയും കഴിഞ്ഞദിവസം വര്‍ധിപ്പിച്ചിരുന്നു.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അയോധ്യ തര്‍ക്ക ഭൂമിയില്‍ മാത്രം 5000 സുരക്ഷാ ഭടന്‍മാരെയാണ് നിയോഗിച്ചിട്ടുണ്ട്. തര്‍ക്കഭൂമിക്ക് ഒന്നര കിലോമീറ്റര്‍ പരിസരത്തേക്ക് ആര്‍ക്കും പ്രവേശനമില്ല. ഇതോടൊപ്പം ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വേണ്ടി വന്നാല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുമെന്നും ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിംഗ് വ്യക്തമാക്കി. നവ മാധ്യമങ്ങളും നിരീക്ഷണത്തിലാണ്. മതസ്പര്‍ധയ്ക്കും സാമുദായിക സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്ന തരത്തില്‍ സന്ദേശം തയ്യാറാക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി നടപടിയെടുക്കും. ജനങ്ങള്‍ ശാന്തരായി ഇരിക്കണമെന്നു മുഖ്യമന്ത്രി ആദിത്യനാഥും ആഹ്വാനം ചെയ്തു.

ഉത്തര്‍പ്രദേശിലും ജമ്മു കാശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയോടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും നിരീക്ഷണത്തിലാണ്. കനത്ത ജാഗ്രത പാലിക്കാന്‍ സേനയ്ക്ക് നിര്‍ദേശം നല്‍കി.