അയോദ്ധ്യ കേസ് . കക്ഷികളും അവരുടെ വാദങ്ങളും

238

  നിര്‍മോഹി അഖാഡ

 • ബാബറി മസ്ജിദിലേക്ക് 1934 മുതല്‍ മുസ്‌ലിങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.
 • ചരിത്രാതീതകാലംമുതലേ രാമജന്മഭൂമി തങ്ങളുടേത്.
 • മറ്റുള്ളവരുടെ ഭൂമിയില്‍ പള്ളി നിര്‍മിക്കാന്‍ മുസ്‌ലിം നിയമങ്ങള്‍ അനുവദിക്കുന്നില്ല.
 • ഏറ്റവും ചുരുങ്ങിയത് 1934-നു ശേഷമെങ്കിലും മുസ്‌ലിങ്ങളാരും അവിടേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചിട്ടുപോലുമില്ല.
 • മുസ്‌ലിങ്ങള്‍ വെള്ളിയാഴ്ചകളില്‍ മാത്രമാണ് പോലീസ് സംരക്ഷണത്തോടെ നിസ്കാരം നടത്തിയിരുന്നത്.
 • 1934 മുതല്‍ 1949 വരെ ഈ പ്രദേശം അഖാഡയുടെ മാത്രം ഉടമസ്ഥതയിലായിരുന്നു.
 • ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകളെല്ലാം 1982-ല്‍ നടന്ന കവര്‍ച്ചയില്‍ നഷ്ടപ്പെട്ടു.
 • 1949 ഡിസംബര്‍ 16-ന് രാത്രിയാണ് രാംലല്ല ഉള്‍പ്പെടെയുള്ള പ്രതിഷ്ഠകള്‍ അവിടെ സ്ഥാപിച്ചത്. എന്നാല്‍, അതിനുചുറ്റുമുള്ള സ്ഥലങ്ങള്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്ബുതന്നെ അഖാഡയുടെ ഉടമസ്ഥതയിലായിരുന്നു. സീതാ രസോയി, ചബൂത്ര, ഭണ്ഡാര്‍ഗൃഹം എന്നിവയെല്ലാം അവിടെയുള്ളതാണ്. അതൊന്നും ഒരുകാലത്തും തര്‍ക്കത്തിന്റെ ഭാഗമായിട്ടില്ല. 1959 ഡിസംബര്‍ 29-ന്റെ കോടതിയുത്തരവില്‍ അതൊന്നും കണ്ടുകെട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ തര്‍ക്കവിഷയം നടുമുറ്റമെന്ന് പറയുന്ന സ്ഥലത്തെ മുഖ്യക്ഷേത്രം മാത്രമാണ്. 1989-ല്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ഹര്‍ജി നല്‍കുന്നതുവരെ പുറത്തുള്ള സ്ഥലത്തിന്റെ (ഔട്ടര്‍ കോര്‍ട്യാഡ്‌) കാര്യത്തില്‍ ആരും തര്‍ക്കമുന്നയിച്ചിട്ടില്ല.
 • വിധി ഏതെങ്കിലും ഹിന്ദു കക്ഷിക്ക് അനുകൂലമാണെങ്കില്‍ പ്രതിഷ്ഠയില്‍ ആരാധന നടത്താനുള്ള അവകാശം അഖാഡയ്ക്ക് നല്‍കണം. തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം നിര്‍മിച്ചാല്‍ ക്ഷേത്രപരിസരത്തിന്റെ ചുമതല നല്‍കണം. പരിസരം കൈകാര്യംചെയ്യാനുള്ള അവകാശം നല്‍കണം. ഭരണഘടനാ ബെഞ്ച് അലഹാബാദ് ഹൈക്കോടതി ഉത്തരവ് ശരിെവക്കുകയാണെങ്കില്‍, മുസ്‌ലിംകക്ഷികള്‍ അവര്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥലം ഹിന്ദു കക്ഷികള്‍ക്ക് ദീര്‍ഘകാലത്തേക്ക് പാട്ടത്തിന് നല്‍കണം. തര്‍ക്കസ്ഥലത്തിന് പുറത്ത് മുസ്‌ലിം കക്ഷികള്‍ക്ക് പള്ളി പണിയാന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിക്കണം.

ഗോപാല്‍ സിങ്വിശാരദ്

 • ക്ഷേത്രസ്ഥലത്ത് കാലങ്ങളായി ആചാരങ്ങള്‍ അനുഷ്ഠിച്ചിരുന്നത് തന്റെ പൂര്‍വികരാണ്. രാമജന്മ ഭൂമിയില്‍ പ്രാര്‍ഥന നടത്തുകയെന്നത് തന്റെ ഭരണഘടനാപരമായ അവകാശമാണ്.അയോധ്യയിലെ രാമക്ഷേത്രം പൊളിച്ചിട്ടാണ് അവിടെ ബാബറി മസ്ജിദ് പണിതത്. ക്ഷേത്രം പൊളിച്ചുകളഞ്ഞെങ്കിലും ഹിന്ദുക്കള്‍ അതിന്റെ അവകാശം ഉപേക്ഷിക്കുകയോ ആരാധന അവസാനിപ്പിക്കുകയോ ചെയ്തിരുന്നില്ല. മുസ്‌ലിങ്ങള്‍ക്ക് അവിടെ ഒരിക്കലും അവകാശമുണ്ടായിരുന്നില്ല.
 • സാമുദായിക സ്പര്‍ധയുണ്ടായതിനെത്തുടര്‍ന്ന് തര്‍ക്കഭൂമി ഏറ്റെടുക്കാന്‍ 1949-ല്‍ മജിസ്ട്രേറ്റ് മാര്‍ക്കണ്ഡേയ സിങ് നടപടിയാരംഭിച്ചിരുന്നു. ഹിന്ദു, മുസ്‌ലിം കക്ഷികളോട് സത്യവാങ്മൂലം ഫയല്‍ ചെയ്യാനും മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് അബ്ദുള്‍ ഗനി എന്നൊരാള്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു. രാമജന്മഭൂമിയാണിതെന്നും ഹിന്ദുക്കള്‍ അവിടെ ആരാധന തുടര്‍ന്നിരുന്നതായും പറയുന്നുണ്ട്. മുസ്‌ലിങ്ങള്‍ വെള്ളിയാഴ്ച മാത്രമാണ് അവിടെ പ്രാര്‍ഥന നടത്തിയിരുന്നതെങ്കില്‍ ഹിന്ദുക്കള്‍ ദിവസവും ആരാധന നടത്തിയിരുന്നു. ഹിന്ദുക്കള്‍ക്ക് തര്‍ക്കഭൂമി നല്‍കുന്നതില്‍ വിരോധമില്ലെന്നും മുസ്‌ലിങ്ങള്‍ 1935-നുശേഷം അവിടെ പ്രാര്‍ഥന നടത്തിയിട്ടില്ലെന്നും മറ്റൊരു മുസ്‌ലിം കക്ഷിയായ വാലി മുഹമ്മദും സത്യവാങ്മൂലം നല്‍കിയിരുന്നു.

രാം ലല്ല വിരാജ്മാന്‍

 • ഹിന്ദു മതത്തില്‍ വിശുദ്ധമായ ആരാധനാ സ്ഥലത്തിന് പ്രതിഷ്ഠ നിര്‍ബന്ധമല്ല. ദൈവത്തിന്റെ ജന്‍മസ്ഥലം തന്നെ പ്രതിഷ്ഠയാണ്. അത് പങ്കുവെക്കാനാവില്ല. നദിയും സൂര്യനുമെല്ലാം ഹിന്ദുമതത്തില്‍ ആരാധിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ജന്മസ്ഥലത്തെയും ‘നിയമപരമായ വ്യക്തിത്വ’മായി കണക്കാക്കാം. ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗാനദിക്ക് നിയമപരമായ വ്യക്തിത്വം നല്‍കിയിരുന്നു.
 • പള്ളി പണിതു എന്നതുകൊണ്ട് ജന്മഭൂമിയുടെ വിശുദ്ധി ഇല്ലാതാകില്ല. പള്ളിയിലേക്ക് ആളുകളെത്തിയിരുന്നു എന്നത് സ്ഥലത്തിന്റെ അവകാശം പങ്കുവെക്കാനുള്ള കാരണമല്ല.
 • രാമജന്മഭൂമി അയോധ്യയാണെന്ന് പുരാതന യാത്രാവിവരണങ്ങളും പുസ്തകങ്ങളും പറയുന്നു. 1608-നും 1611-നുമിടയില്‍ ഇന്ത്യ സന്ദര്‍ശിച്ച ഇംഗ്ലീഷ് വ്യാപാരി വില്യം ഫിഞ്ചിന്റെ യാത്രാവിവരണത്തില്‍ രാമന്‍ ജനിച്ചത് അയോധ്യയിലാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നതായി എഴുതിയിട്ടുണ്ട്. രാമന്‍ ജനിച്ച സ്ഥലമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന കോട്ട അയോധ്യയിലുണ്ടെന്ന് ഫിഞ്ചിന്റെ ‘ഏര്‍ളി ട്രാവല്‍സ് ടു ഇന്ത്യ’ എന്ന യാത്രാവിവരണത്തിലുണ്ട്. ബ്രിട്ടീഷ് സര്‍വേയര്‍ മോണ്ട്ഗോമെറി മാര്‍ട്ടിന്‍, ജസ്യൂട്ട് സഭാ വൈദികന്‍ ജോസഫ് തീഫെന്‍തലര്‍ തുടങ്ങിയവരുടെ യാത്രാവിവരണങ്ങളിലും ഇതുസംബന്ധിച്ച്‌ പറയുന്നു.
 • പുരാവസ്തുവകുപ്പ് കണ്ടെത്തിയ പന്ത്രണ്ടാം നൂറ്റാണ്ടിലെ കല്‍പ്പാളിയില്‍ സംസ്കൃതത്തിലെഴുതിയ കാവ്യത്തില്‍ ഗോവിന്ദ് ചന്ദ്ര എന്ന രാജാവിനെക്കുറിച്ച്‌ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ തലസ്ഥാനമായിരുന്നു അയോധ്യയെന്നും അവിടെ വിഷ്ണു ക്ഷേത്രമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
 • കെട്ടിടങ്ങളൊന്നുമില്ലാത്ത സ്ഥലത്തോ കൃഷിസ്ഥലത്തോ അല്ല ബാബറി മസ്ജിദ് നിര്‍മിച്ചത്. ബി.സി. രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച അനേകം തൂണുകളുള്ള വലിയ മണ്ഡപം നിന്നിരുന്ന സ്ഥലത്താണ് പള്ളിയുണ്ടാക്കിയതെന്ന് പുരാവസ്തു ഗവേഷണ വകുപ്പിന്റെ (എ.എസ്.ഐ.) റിപ്പോര്‍ട്ടില്‍ പറയുന്നു. ആ തൂണുകളില്‍ ദൈവത്തിന്റെ രൂപങ്ങള്‍ കൊത്തിയിരുന്നു. മുസ്‌ലിംപള്ളിയില്‍ ഇത്തരത്തില്‍ ചിത്രങ്ങളുണ്ടാവില്ല. അത് ഇസ്‌ലാമിക വിശ്വാസത്തിന് എതിരുമാണ്.
 • മുസ്‌ലിങ്ങള്‍ പ്രാര്‍ഥന നടത്തിയതുകൊണ്ട് അത് പള്ളിയാണെന്ന് പറയാനാവില്ല. അതുകൊണ്ട് ഉടമസ്ഥാവകാശവുമുണ്ടാവില്ല. മുസ്‌ലിങ്ങള്‍ റോഡിലും പ്രാര്‍ഥന നടത്താറുണ്ട്. അതുകൊണ്ട് റോഡ് അവരുടേതാകില്ല. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ നിര്‍മിച്ച കെട്ടിടം പള്ളിയല്ല. അതിനെ പള്ളിയായി ഉപയോഗിച്ചിട്ടുണ്ടാകാം. ശരീഅത്ത് നിയമപ്രകാരവും അത് പള്ളിയല്ല.തര്‍ക്കസ്ഥലത്ത് ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കാന്‍ അനുമതി നല്‍കുന്നത് നീതിക്കും ഹിന്ദു ധര്‍മത്തിനും ഇസ്‌ലാമിക നിയമത്തിനും എതിരാണ്. രാമക്ഷേത്രം നിര്‍മിക്കാന്‍ തര്‍ക്കസ്ഥലം തങ്ങള്‍ക്ക് വിട്ടുനല്‍കണം. ബാബറി മസ്ജിദ് നിലവിലില്ലാത്തതിനാല്‍ മുസ്‌ലിം വിഭാഗത്തിലുള്ള കക്ഷികള്‍ക്ക് തര്‍ക്കഭൂമിയില്‍ ഒരു അവകാശവുമില്ല. ശ്രീരാമന്റെ ജന്മഭൂമിയായ സ്ഥലത്തിന് നിയമപരമായി വ്യക്തിത്വമുണ്ടെന്ന് കണക്കാക്കുന്നത് ചോദ്യംചെയ്ത നിര്‍മോഹി അഖാഡയ്ക്ക് തര്‍ക്കഭൂമി നല്‍കരുത്.അയോധ്യ പുണ്യ സ്ഥലമാണ്. തീര്‍ഥാടന കേന്ദ്രവും. ക്ഷേത്രത്തിന്റെയോ വിഗ്രഹത്തിന്റെയോ അഭാവത്തില്‍പ്പോലും അയോധ്യയ്ക്ക് ദിവ്യവും ആത്മീയവുമായ പ്രാധാന്യമുണ്ടെന്നാണ് ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്.

ഷിയാ വഖഫ് ബോര്‍ഡ്

 • തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം പണിയണം. തര്‍ക്കസ്ഥലത്തിന്റെ യഥാര്‍ഥ ഉടമ ഷിയാ വഖഫ് ബോര്‍ഡാണ്, സുന്നി വഖഫ് ബോര്‍ഡല്ല. അലഹാബാദ് ഹൈക്കോടതി ഉത്തരവില്‍ സുന്നി വഖഫ് ബോര്‍ഡിന് നല്‍കിയ ഭൂമി ഹിന്ദു കക്ഷികള്‍ക്ക് നല്‍കണം. അലഹാബാദ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്ബ് തങ്ങള്‍ നല്‍കിയ അധികവാദത്തില്‍ തര്‍ക്കഭൂമിയിലുള്ള അവകാശവാദം മുസ്‌ലിം കക്ഷികള്‍ ഉപേക്ഷിക്കണമെന്നും രാമക്ഷേത്രം പണിയാന്‍ ഹിന്ദു കക്ഷികള്‍ക്ക് കൈമാറണമെന്നും പറഞ്ഞിരുന്നു.

മഹന്ത് സുരേഷ് ദാസ്

 • ശ്രീരാമന്റെ ജന്മസ്ഥലത്ത് പള്ളി നിര്‍മിച്ചുകൊണ്ട് 433-ലേറെ വര്‍ഷം മുമ്ബ്‌ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ചെയ്ത ചരിത്രപരമായ തെറ്റ് തിരുത്തണം. മുസ്‌ലിങ്ങള്‍ക്ക് പ്രാര്‍ഥന നടത്താന്‍ അയോധ്യയില്‍ ഒട്ടേറെ പള്ളികളുണ്ട്. എന്നാല്‍, ഹിന്ദുക്കള്‍ക്ക് രാമന്റെ ജന്മസ്ഥലം മാറ്റാനാവില്ല. ഹിന്ദുക്കള്‍ അതിനായി നൂറ്റാണ്ടുകളായി പോരാടുകയാണ്. മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ പള്ളിയും തുല്യമാണ്.
 • വിദേശത്തു നിന്നുവന്ന ബാബര്‍ ഇന്ത്യയിലെത്തി ഇവിടം കീഴടക്കിയാണ് 433-ലേറെ വര്‍ഷങ്ങള്‍ക്ക് മുമ്ബ്‌ പള്ളിനിര്‍മിച്ചത്. ബാബറിന്റെ അധിനിവേശമുറപ്പിക്കലിന്റെ ഭാഗമായിരുന്നു അത്. ഹിന്ദുക്കള്‍ പരിപാവനമായി കരുതിയ സ്ഥലത്താണ് പള്ളി നിര്‍മിച്ചതെന്ന് ഫൈസാബാദ് കോടതി 1886-ല്‍ നിരീക്ഷിച്ചിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത മുസ്‌ലിം കക്ഷികള്‍ക്കാണ്.

രാമജന്മഭൂമിപുനരുദ്ധാരണ സമിതി

 • തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കണം. ക്ഷേത്രത്തിന്റെ പരിപാലനത്തിന് ട്രസ്റ്റ് രൂപവത്കരിക്കണം.

ഹിന്ദു മഹാസഭ

 • തര്‍ക്കസ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതി ട്രസ്റ്റ് രൂപവത്കരിക്കണം. ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണം.

സുന്നി വഖഫ് ബോര്‍ഡ്, മുസ്‌ലിം കക്ഷികള്‍

 • 1934-ല്‍ ബാബറി മസ്ജിദ് ആക്രമിക്കുകയും ’49-ല്‍ അതിക്രമിച്ചുകയറുകയും ’92-ല്‍ പൊളിക്കുകയും ചെയ്ത ഹിന്ദുക്കള്‍ ഇപ്പോള്‍ അയോധ്യയിലെ തര്‍ക്കഭൂമിയില്‍ അവകാശമുന്നയിക്കുന്നു.
 • കേസില്‍ തീരുമാനമെടുക്കുമ്ബോള്‍ ചരിത്രത്തെ പൂര്‍ണമായും വിശ്വസിക്കരുത്. സിവില്‍ കേസിനെ സംബന്ധിച്ചിടത്തോളം ചരിത്ര വസ്തുതകള്‍ക്ക് വലിയ സ്ഥാനമില്ല.
 • മയിലിന്റെയും താമരയുടെയും ചിത്രമുണ്ടായിരുന്നു എന്നതുകൊണ്ട് അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രമുണ്ടായിരുന്നു എന്ന് വിശ്വസിക്കാനാവില്ല. അവിടെയുണ്ടായിരുന്ന കെട്ടിടം എന്തായിരുന്നുവെന്ന് തീര്‍ച്ചപ്പെടുത്താനാവില്ലെന്നാണ് പുരാവസ്തു ഗവേഷക വകുപ്പിന്റെയും മറ്റു വിദഗ്ധരുടെയും അഭിപ്രായം കണക്കിലെടുത്ത് ഹൈക്കോടതി പറഞ്ഞത്.
 • 1949-ല്‍ ബാബറി മസ്ജിദിനകത്ത് വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ ആസൂത്രിതവും വഞ്ചനാപരവുമായ ആക്രമണങ്ങള്‍ നടന്നു. മസ്ജിദിനകത്തു സ്ഥാപിച്ച വിഗ്രഹങ്ങള്‍ എടുത്തുമാറ്റാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിട്ടും അന്നത്തെ ഡെപ്യൂട്ടി കമ്മിഷണര്‍ കെ.കെ. നായര്‍ അതനുവദിച്ചില്ല. കെ.കെ. നായര്‍ പിന്നീട് ഭാരതീയ ജനസംഘിന്റെ സ്ഥാനാര്‍ഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചു.
 • അയോധ്യയില്‍ വിക്രമാദിത്യന്‍ നിര്‍മിച്ച വലിയ ക്ഷേത്രമാണുണ്ടായിരുന്നതെന്നും 1528-ല്‍ ബാബര്‍ അത് തകര്‍ത്തുവെന്നും കാട്ടി 1949 ഡിസംബര്‍ 16-ന് അന്നത്തെ ചീഫ് സെക്രട്ടറിക്ക് നായര്‍ കത്തയച്ചു. വിഗ്രഹം സ്ഥാപിച്ച സംഭവത്തിനുശേഷം പ്രദേശത്ത് തത്‌സ്ഥിതി തുടരണമെന്ന ഉത്തരവ് നായര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ലംഘിച്ചു. തര്‍ക്കഭൂമി 1950 ജനുവരി അഞ്ചിന് കണ്ടുകെട്ടുന്നതിന് മുമ്ബായി വിഗ്രഹങ്ങള്‍ അതിനകത്ത് സ്ഥാപിച്ചിരുന്നു. അതിന്റെ ചിത്രമാണ് ഹിന്ദു സംഘടനകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
 • ഹിന്ദുക്കള്‍ അനുവദിക്കാത്തതുകൊണ്ടാണ് മുസ്‌ലിങ്ങള്‍ക്ക് 1934-ന് ശേഷം അവിടെ നിസ്കരിക്കാന്‍ സാധിക്കാത്തത്. തര്‍ക്കഭൂമിയുടെ പൂര്‍ണ ഉടമസ്ഥാവകാശം വഖഫ് ബോര്‍ഡിനാണ്. എന്നാല്‍, ഹിന്ദുക്കള്‍ അവിടെ പ്രാര്‍ഥന നടത്തുന്നതിനോട് എതിര്‍പ്പില്ല. വഖഫിന്റെ സ്വത്തായിരുന്നുകൊണ്ടുതന്നെ അവിടെ മറ്റുള്ളവര്‍ക്കും പ്രര്‍ഥന നടത്തുന്നതില്‍ വിരോധമില്ല. എന്നാല്‍, പള്ളിയുടെ മുഴുവന്‍ ഉടമസ്ഥതയും വഖഫ് ബോര്‍ഡിനു തന്നെയായിരിക്കും.
 • വാല്മീകി രാമായണത്തിലോ രാമചരിതമാനസത്തിലോ രാമന്റെ ജന്മഭൂമി കൃത്യമായി എവിടെയാണെന്ന് പറയുന്നില്ല.
 • മുഴുവന്‍ സ്ഥലത്തിനും പ്രതിഷ്ഠയുടെ സ്വഭാവമാണെന്ന ഹിന്ദുക്കളുടെ വാദം അംഗീകരിച്ചാല്‍ അവിടെ മറ്റാര്‍ക്കും സ്വത്തിന് അവകാശമുണ്ടാകില്ല. നദികളെയും മലകളെയുമെല്ലാം ആരാധിക്കാറുണ്ട്. സൂര്യനെ പ്രാര്‍ഥിക്കുന്നുണ്ടെന്നുകരുതി അത് അവരുടെ സ്വന്തമാകില്ല.
 • ശ്രീരാമന്‍ ജനിച്ചത് അയോധ്യയില്‍ എവിടെയോ ആണെന്നതില്‍ തര്‍ക്കമുന്നയിക്കുന്നില്ല. എന്നാല്‍, വ്യക്തമായി എവിടെയാണെന്ന് രേഖകളിലൊന്നും പറയുന്നില്ല. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്തെ തൂണുകളില്‍ ദൈവങ്ങളുടെ ചിത്രമുണ്ടായിരുന്നുവെന്ന വാദം ശരിയല്ല. തൂണുകളില്‍ താമരയുടെ ചിത്രമുണ്ടായിരുന്നു എന്നുമാത്രം. എവിടെ നിന്നാണ് ഈ തൂണുകള്‍ കൊണ്ടുവന്നതെന്ന് വ്യക്തമല്ല.
 • അയോധ്യയില്‍ രാമക്ഷേത്രമുണ്ടാക്കാന്‍ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്‌.പി.) സ്ഥാപിച്ച രാം ജന്‍മഭൂമി ന്യാസ് എന്ന ട്രസ്റ്റിനെ സഹായിക്കാനാണ് പ്രതിഷ്ഠയായ രാം ലല്ലയുടെ ഹര്‍ജി.
 • ഒഴിഞ്ഞസ്ഥലത്താണ് പള്ളി നിര്‍മിച്ചത്. അവിടെ ക്ഷേത്രമുണ്ടായിരുന്നെങ്കില്‍ത്തന്നെ വളരെക്കാലം മുമ്ബ്‌ അത് അപ്രത്യക്ഷമായിരുന്നു. തര്‍ക്കമുണ്ടായതുകൊണ്ട് മാത്രമാണ് ഈ പള്ളി പ്രശസ്തമായത്. പത്തൊന്‍പതാം നൂറ്റാണ്ടുവരെ മറ്റേതൊരു പള്ളി പോലെത്തന്നെയുമായിരുന്നു ബാബറി മസ്ജിദും. രാമക്ഷേത്രം ബാബര്‍ തകര്‍ത്തതായി എവിടെയും പറയുന്നില്ല.
 • അയോധ്യയിലെ രാം ചബൂത്രയാണ് (പീഠം പോലെ ഉയര്‍ത്തിനിര്‍മിച്ച സ്ഥലം) രാമന്‍ ജനിച്ച സ്ഥലമെന്ന ഫൈസാബാദ് ജില്ലാകോടതിയുടെ 1886-ലെ നിരീക്ഷണത്തെ മുസ്‌ലിങ്ങള്‍ ചോദ്യംചെയ്തിട്ടില്ല. എന്നാല്‍, അതിനര്‍ഥം രാം ചബൂത്രയാണ് രാമന്റെ ജന്മസ്ഥലമെന്ന വാദം ബോര്‍ഡ് അംഗീകരിച്ചു എന്നല്ല.