ജയിൽ ജീവിതം ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോക്ക് കൂടിയായിരുന്നു. അറ്റ്ലസ് രാമചന്ദ്രന്‍

729

തന്‍റെ ജയില്‍ മോചനത്തിനുമ പുതിയ ജീവിതത്തിനും ഒരാളോട് മാത്രമേ കടപ്പാടുള്ളൂവെന്ന് അറ്റലസ് രാമചന്ദ്രൻ. മൂന്ന് വര്‍ഷത്തെ ജയിൽവാസത്തിന് ശേഷം മോചിതനായ അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തുമ്പോഴും ജീവിതത്തിലെ ഉയര്‍ച്ചയിലും താഴ്ചയിലും തന്നോടൊപ്പം ഭാര്യ ഇന്ദു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജയിൽ ജീവിതം എന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോക്ക് കൂടിയായിരുന്നു. എല്ലാവരേയും വിശ്വസിച്ചു. അങ്ങനെ പാടില്ലായിരുന്നു. കൈരളി ചാനലിലെ ജെബി ജങ്ഷനിൽ നൽകിയ അഭിമുഖത്തിലാണ് രാമചന്ദ്രന്‍റെ തുറന്ന് പറച്ചിൽ .

ഒരുപക്ഷേ അവള്‍ ഇല്ലായിരുന്നുവെങ്കില്‍, തന്‍റെ കാരഗ്രഹവാസവും തുടര്‍ന്നുള്ള ജീവിതവും രാമചന്ദ്രന്‍ പറയുന്നത് ഇങ്ങനെ അറസ്റ്റ് 2015 ഓഗസ്ത് 23 നാണ് ദുബൈ പോലീസ് തന്നെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. ചില പേപ്പറുകളില്‍ ഒപ്പിടാന്‍ എന്ന് മാത്രമായിരുന്നു തന്നോട് പറഞ്ഞിരുന്നത്. അതുപ്രകാരം താന്‍ സ്റ്റേഷനില്‍ എത്തി. ഭാര്യ ഇന്ദുവും ഒപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഓരോ മണിക്കൂര്‍ കഴിയുമ്പോഴും സാഹചര്യം മാറാന്‍ തുടങ്ങി. അപ്പോഴാണ് തനിക്ക് മനസിലായത് തന്നെ വിളിപ്പിച്ചത് പേപ്പറുകളില്‍ ഒപ്പിടാന്‍ മാത്രമായിരുന്നില്ലെന്ന്. താന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല തന്നെ അറസ്റ്റ് ചെയ്യുമെന്ന് രാമചന്ദ്രന്‍ പറയുന്നു.. ജയിലിലേക്ക് മനസ് കലുഷിതമായിരുന്നു. ഭാര്യ ഇന്ദുവിനെ ഉടന്‍ തന്നെ വീട്ടിലേക്ക് പറഞ്ഞയച്ചു. പിന്നീട് നിയമനടപടികളിലൂടെ നേരെ ജയിലിലേക്ക്. ജീവിതത്തില്‍ താന്‍ എല്ലാവരേയും അകമഴിഞ്ഞ് വിശ്വസിച്ചു. അതാണ് പറ്റിയ ഏറ്റവും വലിയ തെറ്റ്. ഒരുപക്ഷേ തന്‍റെ ബിസിനസില്‍ ഭാര്യ ഇന്ദുവും കൂടി ഇടപെട്ടിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെയൊന്നുമാകില്ലായിരുന്നുവെന്നും രാമചന്ദ്രന്‍ പറയുന്നു.

ഭാര്യയോട് മാത്രം തന്‍റെ മോചനത്തിന് പിന്നില്‍ ഒരാളോട് മാത്രമേ കടപ്പാടുള്ളൂ. ഭാര്യ ഇന്ദുവിനോട്. എന്‍റെ ഒപ്പം ചേര്‍ന്ന് നടക്കുന്നതല്ലാതെ എന്‍റെ ബിസിനസിനെ കുറിച്ച് അവള്‍ ആലോചിച്ചേയിരുന്നില്ല. ആ അവള്‍ക്ക് ഞാന്‍ ജയിലില്‍ ആയത് മുതല്‍ എല്ലാം തനിച്ച് ചെയ്യേണ്ടി വന്നു. കോടികള്‍ വിലമതിക്കുന്ന ബിസിനസ് സാമ്രാജ്യം ഒറ്റയ്ക്ക് ഏറ്റെടുത്ത് ചെയ്യേണ്ടി വന്നു. സാമ്പത്തിക ബാധ്യത വന്നപ്പോള്‍ തന്‍റെ സ്ഥാപനത്തിലെ മാനേജര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ ആനുകൂല്യം ആവശ്യപ്പെട്ട് എത്തി. എന്നാല്‍ സാഹചര്യങ്ങളില്‍ തളരാതെ ഇന്ദു കാര്യങ്ങള്‍ കൈകാര്യം ചെയ്തു. സ്വത്തുക്കള്‍ കോടികള്‍ വിലമതിക്കുന്ന ഡയമണ്ട് തുച്ഛമായ വിലയ്ക്ക് വിറ്റ് ജീവനക്കാരുടെ ബാധ്യത തീര്‍ത്തു. തന്‍റെ ദുബൈയിലെ വളരെ നന്നായി പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ട സാഹചര്യം വരെ ഉണ്ടായി. എല്ലാവരും വിട്ടുപോയിരുന്നു. ആ സമയം ധൈര്യം തന്ന് കൂടെ നിന്നത് ഭാര്യ ഇന്ദു മാത്രമാണ്.

താന്‍ സ്വരുക്കൂട്ടിയ സ്വത്തുകള്‍ എല്ലാം കൈവിട്ട് പോയതിന്‍റെ സങ്കടം എന്നെ വല്ലാതെ അലട്ടിയിരുന്നു. എന്നാല്‍ ഭാര്യ വിളിച്ച് എല്ലാനേരത്തും ധൈര്യം പകരും. ദിവസവും ഒരു പത്ത് തവണയെങ്കിലും അവള്‍ വിളിക്കുമായിരുന്നു. മാധ്യമങ്ങള്‍ എല്ലാം കെട്ടിച്ചമച്ച് വാര്‍ത്തകള്‍ കൊടുത്തപ്പോളും അവള്‍ തന്നെ സമാധാനിപ്പിച്ചു. താമസിച്ച വീട് എങ്കിലും ബാക്കിയായത് തനിക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ട് രാമചന്ദ്രന്‍ പറഞ്ഞു തണുത്ത അറയില്‍ ജയിലിലെ ജീവിതം വളരെ കഠിനമായിരുന്നു. പുറം ലോകം കാണാതെ വെളിച്ചം കാണാതെ വീട്ടുകാരേയും കുംടുംബക്കാരേയും കാണാതെ ജീവിക്കേണ്ടി വന്നു. തനിക്ക് ഇഷ്ടപ്പെട്ട ചോറും പച്ചക്കറികളും ജയിലില്‍ ലഭിച്ചു.ഭക്ഷണകാര്യത്തില്‍ തൃപ്തനായിരുന്നു. എങ്കിലും സമാധാനം എന്നത് ഉണ്ടായിരുന്നില്ല. ഓരോ നിമിഷവും തണുത്ത് ഉറഞ്ഞ ജയിലിനുള്ളില്‍. ഒരുപക്ഷേ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കാന്‍ കൂടിയുള്ള ഒരു അവസരം കൂടിയായിരുന്നു തനിക്ക് അത്. എല്ലാവരേയും വിശ്വസിച്ചു. അങ്ങനെ പാടില്ലായിരുന്നു. താന്‍ ആയി ഇടപെടേണ്ട കാര്യങ്ങളില്‍ താന്‍ തന്നെ ഇടപെട്ട് പ്രവര്‍ത്തിക്കണമായിരുന്നു.

വളരെ കുറഞ്ഞ വിലയ്ക്കാണ് തന്‍റെ സ്വത്ത് വകകള്‍ വിറ്റുപോയത്. ഒരുപക്ഷേ ആവശ്യത്തിന് സമയവും സാവകാശവും ലഭിച്ചിരുന്നെങ്കില്‍ തനിക്ക് സാമ്പത്തിക ബാധ്യതകള്‍ എല്ലാം തീര്‍ക്കാന്‍ സാധിക്കുമായിരുന്നു. എങ്കിലും ആരോടും പരാതിയില്ല. ഇനിയില്ല മക്കളുടെ കാര്യത്തില്‍ ഇടപെട്ടതാണ് പ്രശ്നങ്ങളെല്ലാം കൂടുതല്‍ വഷളാക്കിയത്. ഇനി മക്കളുടെ കാര്യം നോക്കില്ല. അവര്‍ അവരുടെ കാര്യം നോക്കും. ഇനി ഞാനും ഇന്ദുവും മാത്രം. ജയിലില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ തന്‍റെ വീട് അവിടെ ഉണ്ടാകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. അതെങ്കിലും തനിക്ക് തിരികെ കിട്ടി. അതിന് പിന്നില്‍ ഭാര്യ ഇന്ദുവിന്‍റെ ഇടപെടല്‍ മാത്രമാണ്. നേരവും കാലവും നോക്കാതെ 24 മണിക്കൂറും ഫോണിലൂടെ ബന്ധപ്പെടുന്നവരെയെല്ലാം സമാധാനപ്പിച്ച് എല്ലാവര്‍ക്കും കൃത്യമായ മറുപടി നല്‍കി അവള്‍ കാര്യങ്ങളെ ഭംഗിയായി കൈകാര്യം ചെയ്തു.

ഫിനിക്സ് പക്ഷിയെ പോലെ ജനങ്ങളുടെ സ്നേഹവും വിശ്വാസവും ഇപ്പോളും തനിക്ക് ഒപ്പം തന്നെ ഉണ്ട്.. ചാരത്തില്‍ നിന്ന് ഫീനിക്സ് പക്ഷിയെപോലെ ഉയര്‍ന്ന് വരാന്‍ എനിക്ക് സാധിക്കും.അപ്പോള്‍ തന്‍റെ ഭാര്യ ഇന്ദുവും തനിക്ക് ഒപ്പം തന്നെ കാണും.താന്‍ പാഠം പഠിച്ചു. ഇനിയൊരു പുതുജീവിതമായിരിക്കും മുന്നിലെന്നും രാമചന്ദ്രന്‍ പറഞ്ഞു. ജീവിതത്തില്‍ എല്ലാവരോടും താന്‍ സ്നേഹത്തോടെയാണ് പെരുമാറിയത്. അതുകൊണ്ട് തന്നെ സ്നേഹം എനിക്ക് തിരിച്ചുകിട്ടും.