ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാനെന്ന പേരില്‍ ഇടതുപക്ഷം ന്യൂനപക്ഷ വര്‍ഗീയതയെ പിന്തുണച്ചു; എ പി അഹമ്മദ്

269

ന്യൂനപക്ഷ അവകാശങ്ങള്‍ എന്ന പേരില്‍  ഓരോ കാലഘട്ടത്തിലും അടിസ്ഥാനമില്ലാത്ത ആവശ്യങ്ങളാണ് ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും എ പി അഹമ്മദ്. ‘മതമൗലികവാദം കേരളത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയതയെ ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും കളം തിരിക്കുകയായിരുന്നു അവര്‍. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാനെന്ന പേരില്‍ ന്യൂനപക്ഷ വര്‍ഗീയതയെ പിന്തുണക്കുകയും ചെയ്തു. ഇസ്ലാമിക തീവ്രവാദം സാമ്രാജ്യത്വവിരുദ്ധ പോരാട്ടമാണെന്ന വ്യാഖ്യാനവും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.ന്യൂനപക്ഷ അവകാശങ്ങള്‍ എന്ന പേരില്‍ അടിസ്ഥാനമില്ലാത്ത ആവശ്യങ്ങളാണ് ഓരോ കാലഘട്ടത്തിലും ഉയര്‍ത്തിക്കൊണ്ടുവന്നത്. ബാബരി മസ്ജിദ് ക്ഷേത്രാവശിഷ്ടങ്ങളില്‍ നിന്നാണ് നിര്‍മ്മിച്ചതെന്ന യാഥാര്‍ത്ഥ്യം കണ്ടെത്തിയിട്ടും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി തെറ്റായ വസ്തുത പ്രചരിപ്പിക്കുകയായിരുന്നു. ഇടത് ചരിത്രകാരന്മാരായ ഇര്‍ഫാന്‍ ഹബീബും റൊമീള ഥാപ്പറും ഉള്‍പ്പെടെ ഇതിന് കൂട്ടുനിന്നു. മാധവിക്കുട്ടിയുടെ മതംമാറ്റത്തിന് പിന്നിലുള്ള ആഗോള ഗൂഢാലോചന പുറത്തുവന്നിട്ടും പുരോഗമനകേരളം യാതൊരു പ്രതികരണവും നടത്തിയില്ല. അവരുടെ അന്ത്യാഭിലാഷം പോലും പൂര്‍ത്തീകരിക്കാനായില്ല. മെര്‍ളി വെസ്‌ബോര്‍ഡിന്റെ ആധികാരിക ഗ്രന്ഥം കേരളം തമസ്‌കരിച്ചു.മതംമാറ്റത്തിന് പിന്നില്‍ സമദാനിയാണെന്ന് വ്യക്തമായിരുന്നു. മതപഠനമാണ് ഭീകരതയുടെ അടിസ്ഥാനം. മതപാഠശാലകളിലെ തെറ്റായ പഠനങ്ങള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം വിദ്യാലയങ്ങള്‍ ഏതായാലും ദേശവിരുദ്ധമായ പഠനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. മതവിദ്യാഭ്യാസം മതമൗലികവാദത്തിലേക്കും വര്‍ഗീയതയിലേക്കും ഫാസിസത്തിലേക്കും പിന്നീട് ഭീകരതയിലേക്കും വഴിമാറുന്നതിന് സാദ്ധ്യത ഏറെയാണ്. അന്യനെ അറിയുന്നതോടെ മൗലികവാദം അവസാനിക്കും. അതിനുള്ള സാഹചര്യം ഇന്നില്ല. ഭീതിയുടെ അന്തരീക്ഷമാണ് ഇന്ന് നില നില്‍ക്കുന്നത്. അദ്ദേഹം പറഞ്ഞു.

ഏതായാലും കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ മോദി സ്തുതിക്കും യുക്തിവാദി ജാമിത ടീച്ചറുയെട മോദി സ്നേഹത്തിനും പിന്നാലെ സിപിഐ വേദികളിലെ തീപ്പൊരി പ്രാസംഗികനായ എ പി അഹമ്മദിന്റെ തുറന്നടിച്ചുകൊണ്ടുള്ള ഇടതുപക്ഷ വിമര്‍ശനവും ചര്‍ച്ചയായിരിക്കുകയാണ്.