ബ്രിട്ടീഷ് സര്‍ക്കാരിനെക്കൊണ്ട് ആര്‍ത്തവവിപ്ലവം പ്രഖ്യാപിപ്പിച്ച്‌ മലയാളി പെണ്‍കുട്ടി

324

ആര്‍ത്തവകാലത്ത് വിദ്യാര്‍ത്ഥിനികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാനിറ്ററി ഉത്പന്നങ്ങള്‍ വാങ്ങാന്‍ സ്‌കൂളുകള്‍ക്ക് ഫണ്ട് അനുവദിക്കുമെന്ന് ബ്രിട്ടീഷ് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് വ്യക്തമാക്കി.

കേംബ്രിഡ്ജ് സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥിനിയായ അമികയാണ് , 2017-ലാണ് ഇതിനുള്ള പ്രചാരണത്തിന് തുടക്കമിട്ടത്.

അമികയുടെ പോരാട്ടം പെട്ടെന്ന് തന്നെ ദേശീയ ശ്രദ്ധയില്‍ എത്തിയിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടി വന്നു. ഇന്‍സ്പിരേഷണല്‍ എന്ന് പറഞ്ഞ് പാര്‍ട്ടി നയമായി തന്നെ ഗ്രീന്‍ പാര്‍ട്ടി അമികയുടെ നിര്‍ദ്ദേശം ഉള്‍പ്പെടുത്തി. ഒട്ടേറെ എംപിമാരും ഐടിവി പോലെയുള്ള ദേശീയ ചാനലുകളും വിഷയം ഏറ്റെടുത്തു.

എല്ലാ സെക്കന്‍ഡറി സകൂളുകളിലും സൗജന്യമായി സാനിറ്ററി ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടി സ്വീകരിക്കുo.അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ക്ക് സ്‌കൂളുകളില്‍ ഇതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കുമെന്ന് ഫിലിപ്പ് ഹാമണ്ട് പാര്‍ലമെന്റില്‍ പ്രസ്താവിക്കുകയും ചെയ്തു.

സാനിറ്ററി ഉത്പന്നങ്ങള്‍ ലഭിക്കാത്തതിനാല്‍, ബ്രിട്ടനില്‍ ഒട്ടേറെ വിദ്യാര്‍ത്ഥിനികളുടെ പഠനം തടസ്സപ്പെടുന്നുണ്ടെന്ന തിരിച്ചറിവില്‍നിന്നാണ് ഫ്രീപിരീഡ്‌സ് എന്ന കാമ്ബെയ്‌ന്  തുടക്കമിട്ടത്. അമിക മുന്നോട്ടുവെച്ച നിവേദനത്തില്‍ രണ്ടേമുക്കാല്‍ ലക്ഷം പേരാണ് ഒപ്പുവെച്ചത്.

സാനിട്ടറി ഉല്‍പന്നങ്ങളുടെ വില താങ്ങാന്‍ സാധിക്കാത്തതിനാല്‍ നിരവധി പെണ്‍കുട്ടികള്‍ അവയ്ക്ക് പകരം സോക്‌സുകളും ടിഷ്യൂകളും അപകടകരമായ മറ്റ് വസ്തുക്കളും ഉപയോഗിക്കേണ്ടി വരുന്നുവെന്നും അത് കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമാണ് അമിക ലോകത്തിന് മുമ്ബില്‍ തുറന്ന് കാട്ടിയത്.

അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് സാനിട്ടറി ഉല്‍പന്നങ്ങള്‍ തീര്‍ത്തും സൗജന്യമായി ലഭ്യമാക്കണമെന്നാണ് അമിക തന്റെ പെറ്റീഷനിലൂടെ ആവശ്യപ്പെട്ടിരുന്നത്.

സാനിട്ടറി ഉല്‍പന്നങ്ങള്‍ അപ്രാപ്യമായവര്‍ അതിന് പകരം അപകടകരമായ മറ്റ് വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ തന്നെ ഇരുത്തിച്ചിന്തിപ്പിച്ചുവെന്നും അതിനെ തുടര്‍ന്നാണ് ഇതിനു വേണ്ടിയുള്ള സജീവമായ കാംപയിന്‍ ആരംഭിച്ചതെന്നും അമിക പറയുന്നു.

അമികയുടെ നീക്കത്തിന് വിവിധ പാര്‍ട്ടിക്കാരായ എംപിമാര്‍ക്ക് പുറമെ നിരവധി പ്രമുഖരുടെ പിന്തുണയും ലഭിച്ചിരുന്നു. ചാനല്‍ 4 ന്യൂസിലെ കാത്തി ന്യൂമാന്‍ ഇതിന് പിന്തുണയേകി രംഗത്തുവന്നു. നിരവധി യൂണിവേഴ്‌സിറ്റികളും വനിതാ പ്രസ്ഥാനങ്ങളും അമികയെ പിന്തുണച്ചു മുന്നോട്ടു വന്നു. സമൂഹത്തിലെ വലിയൊരു വിഭാഗം നേരിടുന്ന യാതനയ്‌ക്കെതിരേ നടത്തിയ പോരാട്ടമാണ് അമികയെ ബ്രിട്ടനിലെ മലയാളികളുടെ മുഴുവന്‍ അഭിമാനമായി മാറ്റിയത്.

ലണ്ടനില്‍ താമസിക്കുന്ന പത്തനംതിട്ട കുമ്ബളംപൊയ്ക സ്വദേശി കിഷോര്‍ ജോര്‍ജ്ജിന്റെയും കോഴഞ്ചേരി സ്വദേശിനിയായ നിഷാ ജോര്‍ജ്ജിന്റെയും മകളാണ് അമിക. മിലന്‍ ജോര്‍ജ്ജ് സഹോദരനാണ്.