വീണ്ടും ഞെട്ടിക്കുന്ന സംഭവം .അമൃതാനന്ദമയീമഠം സന്ദര്‍ശിക്കാനെത്തിയ അമേരിക്കക്കാരനായ യുവാവ് മര്‍ദ്ദനമേറ്റപരുക്കുകളോടെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.

1858

അഞ്ച് വര്‍ഷം മുമ്പ് വള്ളിക്കാവ് ആശ്രമത്തില്‍ വച്ച് ബീഹാര്‍ സ്വദേശിയായ സത്‌നാം സിംഗ് എന്ന യുവാവിന് നേരിട്ട ദുരാനുഭവത്തിന് സമാനമായ അനുഭവുമായി അമേരിക്കന്‍ യുവാവ് അതീവഗുരുതരാവസ്ഥയില്‍ തിരുമെഡിക്കല്‍കോളജില്‍.അമൃതാനന്ദമയീമഠം സന്ദര്‍ശിക്കാന്‍ കരുനാഗപ്പള്ളിയിലെത്തിയ അമേരിക്കക്കാരനായ യുവാവിനെയാണ് അതിക്രൂരമായ മര്‍ദ്ദനമേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്്. മാരിയോ പോള്‍ എന്ന 37 വയസുകാരനെയാണ് ദുരൂഹസാഹചര്യത്തില്‍ ശനിയാഴ്ച അര്‍ധരാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. അമൃതാനന്ദമയീമഠത്തിന്റെ ആംബുലന്‍സില്‍ പോലീസിനൊപ്പമാണു യുവാവിനെയെത്തിച്ചത്. ഐ.സി.യി ല്‍ കഴിയുന്ന യുവാവിനു കൂട്ടിരുപ്പുകാരായി മഠം പ്രതിനിധികളായ രണ്ടു പേര്‍ ആശുപത്രിയിലുണ്ട്. സംഭവത്തെക്കുറിച്ച് അമേരിക്കന്‍ എംബസി പോലീസിനോടു വിശദീകരണം തേടിയതായാണു സൂചന.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ ശരീരമാസകലം പരുക്കുണ്ട്. ശക്തമായ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നുള്ള ചതവുകളാണ് ഏറെയും. വലതു കണ്ണിനു മുകളിലും നട്ടെല്ലിന്റെയും നെഞ്ചിന്റെയും വയറിന്റെയും കിഡ്‌നിയുടെയും ഭാഗങ്ങളിലും കാര്യമായി ക്ഷതമേറ്റിട്ടുണ്ട്. മൂത്രത്തിലൂടെ രക്തം പൊടിയുന്നതും കണ്ടെത്തി. കിഡ്‌നിക്കു സാരമായി തകരാര്‍ സംഭവിച്ചതിന്റെ ലക്ഷണമാണിത്. ആശുപത്രിയിലെത്തിച്ചതുമുതല്‍ അര്‍ദ്ധബോധവസ്ഥയിലാണ് യുവാവ്. അതിനാല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു കൈകളിലും കയര്‍കൊണ്ടു കൂട്ടിക്കെട്ടിയതിന്റെ അടയാളവുമുണ്ട്. മറ്റു പരുക്കുകള്‍ കണ്ടെത്താന്‍ കൂടുതല്‍ പരിശോധന ഇന്നു നടക്കും.amritananda-ma-yi
അമൃതാനന്ദമയീമഠം സന്ദര്‍ശിക്കാനെത്തിയതാണ് യുവാവെന്നുമാത്രം പറയുന്നതല്ലാതെ മറ്റു വിവരങ്ങളൊന്നും പോലീസിന്റെ പക്കലില്ല എന്നാണ് സൂചന. രാത്രിയോടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവ് അക്രമാസക്തനായെന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരെ ഉപദ്രവിച്ചെന്നും ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചെന്നുമാണ് പോലീസ് ഭാഷ്യം. യുവാവ് മദ്യപിച്ചിരുന്നെന്നും നാട്ടുകാരുമായി വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്നു പരുക്കേറ്റതായാണു സൂചനയെന്നും കൊല്ലം ജില്ലാ പോലീസ് മേധാവി അജിതാ ബേഗം പറഞ്ഞു. ഒരു വിദേശിക്കു ഗുരുതരമായി പരുക്കുപറ്റിയിട്ടും അതേക്കുറിച്ചു വിശദമായി അന്വേഷിക്കാനോ കേസെടുക്കാനോ തയാറാകാതെ ആശുപത്രിയിലെത്തിച്ചു തിരിച്ചുപോയ പോലീസിന്റെ നടപടി കൂടുതല്‍ സംശയത്തിനിടയാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രി വരെയും ആശുപത്രിയിലെത്തി യുവാവിന്റെ മൊഴിയെടുക്കാനോ വിവരം തിരക്കാനോ അധികൃതര്‍ തയാറായിട്ടില്ല. മഠത്തില്‍ ഇന്നലെ രാഷ്ട്രപതി സന്ദര്‍ശനം നടത്താനിരിക്കെ സുരക്ഷാ പരിശോധനകള്‍ക്കായി ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസമയം സ്ഥലത്തുണ്ടായിരുന്നതായി സൂചനയുണ്ട്. എന്നാല്‍, സംഭവത്തില്‍ വ്യക്തത വരുത്താന്‍ ആരും തയാറായിട്ടില്ല. സത്‌നാം സിംഗും സമാനമായ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു