കേരളത്തിലെ സര്‍വ്വകലാശാല സേവനങ്ങള്‍ പൂര്‍ണ്ണായും ഓണ്‍ലൈനായി

325

കേരളത്തിലെ സര്‍വകലാശാലകളുടെ എല്ലാവിധ സേവനങ്ങളും ഇനി ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള നടപടികളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ഥികള്‍ക്കുള്ള അറിയിപ്പ് മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഓണ്‍ലൈനില്‍ ലഭിക്കുന്നതിനുള്ള സംവിധാനമാണ് സര്‍വ്വകലാശാലകളില്‍ ഒരുങ്ങുന്നത്.എലിജിബിലിറ്റി, ഇക്വലന്‍സി, മൈഗ്രേഷന്‍, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, കോളേജ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, പരീക്ഷാ കലണ്ടര്‍, അറിയിപ്പുകള്‍, പ്രധാന തീയതികള്‍, ഉത്തരവുകള്‍, സര്‍ക്കുലറുകള്‍ എന്നിവയെല്ലാം ഇനിമുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കും.

ഇതിനായി ഓണ്‍ലൈന്‍ ചോദ്യപ്പേപ്പറും ഓണ്‍ലൈന്‍ ചോദ്യബാങ്കും തയ്യാറാക്കുന്നുണ്ട്. എംജി സര്‍വകലാശാല ഈ സംവിധാനം ഇതിനോടകം ഏര്‍പ്പെടുത്തി. കണ്ണൂരില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുന്‍പ് ഓണ്‍ലൈനില്‍ നിന്ന് ചോദ്യപേപ്പര്‍ ലഭ്യമാകുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. പ്രിന്‍സിപ്പലിനു ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് ചോദ്യപ്പേപ്പര്‍ എടുക്കുന്നത്.സിസിടിവി ക്യാമറ ഉപയോഗിച്ച്‌ കോളേജിലെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാനും സംവിധാനമുണ്ടാകും. ഓണ്‍ലൈന്‍ ചോദ്യപ്പേപ്പര്‍ സംവിധാനം നിലവില്‍ വരുന്നതോടെ ചോദ്യപ്പേപ്പര്‍ മാറുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഒഴിവാക്കാനാകും.