മന്ത്രിമാരെ വഴിയില്‍ തടയുമെന്ന് എബിവിപി ,വട്ടപ്പാറ മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ച യുവമോര്‍ച്ച നേതാവിനെ ജനക്കൂട്ടം വളഞ്ഞിട്ട് മര്‍ദ്ദിച്ചു

4108

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരെയുള്ള അതിക്രമത്തില്‍  പ്രതിഷേധിച്ച് സിപിഎം മന്ത്രിമാരെ  വഴിയില്‍ തടയുമെന്ന് എബിവിപി. എബിവിപി സംസ്ഥാന സെക്രട്ടറി പി ശ്യാമാണ് ഇക്കാര്യമറിയിച്ചത്.നാളെ ബിജെപി കേരളത്തില്‍ നടത്തുന്ന ഹര്‍ത്താലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കു നടത്തുമെന്നും ശ്യാംരാജ് കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തും കോഴിക്കോടുമാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതെ സമയം മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ് കരിങ്കൊടികാട്ടാന്‍ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകനെ  എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു.വട്ടപ്പാറ കരയാളക്കോണത്ത് നടന്ന കരകുളം പഞ്ചായത്തിലെ ഗ്രമസഭയില്‍ പങ്കെടുത്ത മുഖ്യമന്ത്രിക്ക് നേരെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പാഞ്ഞടുത്തത്. യുവമോര്‍ച്ച നെടുമങ്ങാട് മണ്ഡലം ഭാരവാഹി അഭിലാഷിനാണ് മര്‍ദ്ദനമേറ്റത്.കനത്ത പോലീസ് സുരക്ഷിക്കെടെ മുഖ്യമന്ത്രിക്കെതിരെ ഉച്ചത്തില്‍ മുദ്രവാക്യം വിളിച്ചെത്തിയപ്രവര്‍ത്തകനെ ആള്‍ക്കൂട്ടം വളഞ്ഞ് വച്ച് മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് യുവാവിനെ ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.പിന്നീട് വട്ടപ്പാറ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്രവര്‍ത്തകന് മെഡിക്കല്‍കോളജില്‍ ചികിത്സനല്‍കിയ ശേഷം കോടതിയില്‍ ഹാജരാക്കി. അതിനിടെ യുഡിഎഫ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്രം പാല്‍, തുടങ്ങിയ അവശ്യ സര്‍വ്വീസുകളേയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പൊലീസ് അതിക്രമം ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരമാണെന്ന ഗുരുതരമായ ആരോപണം ഉയര്‍ത്തിയാണ് ഹര്‍ത്താലിന് ഇരു കക്ഷികളും വെവ്വേറെ ആഹ്വാനം ചെയ്തിരിക്കുന്നത്. ജിഷ്ണുവിന്റെ അമ്മയുടെ നാട് വളയത്തും നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഇതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. സമരം ശക്തമായി യുഡിഎഫ് ഏറ്റെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി മലപ്പുറത്തെ പരിപാടികള്‍ റദ്ദാക്കി, തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. പൊലീസിനെതിരെ കര്‍ശന നടപടികള്‍ വേണമെന്ന് വിഎം സുധീരനും ഉമ്മന്‍ചാണ്ടിയുമുള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്.