അഭിമാന മുദ്ര: അഭിനന്ദന്‍ വര്‍ദ്ധമാന്റെ ടീമിന് പ്രത്യേക ബാഡ്‌ജ്

182

പാക്കിസ്ഥാന്റെ എഫ് 16 പോര്‍വിമാനം തകര്‍ത്തതിന് അഭിനന്ദന്‍ വര്‍ദ്ധമാന്റെ ടീമിന് ആദരം. ഇന്ത്യന്‍ വ്യോമസേനയിലെ മിഗ് 21 ബൈസന്‍ സ്ക്വാഡ്രന്‍ നമ്ബര്‍ 51 (MiG-21 Bison Squadron No. 51) എന്ന ടീമിന് ഇനി മേല്‍ക്കുപ്പായത്തില്‍ ഒരു പുതിയ ബാഡ്ജ് കൂടി ലഭിക്കും. എഫ് 16 പോര്‍വിമാനം തകര്‍ത്തതിനെ സൂചിപ്പിക്കാന്‍ “ഫാല്‍ക്കന്‍ സ്ലേയര്‍” എന്നും, എഫ് 16 വിമാനത്തിലെ മിസൈലുകളെ ആകാശത്ത് വച്ച്‌ തന്നെ തകര്‍ത്തതിന് “അമ്രാം ഡോഡ്‌ജറെന്നും കുറിച്ചതാണ് ബാഡ്ജ്.

ബാലകോട്ട് ആക്രമണത്തിന് ഇന്ത്യയെ തിരിച്ചടിക്കാന്‍ ഏറ്റവും ശക്തിയേറിയ എഫ് 16 യുദ്ധവിമാനങ്ങളാണ് പാക് വ്യോമസേന ഉപയോഗിച്ചത്. ശ്രീനഗറിലെ ഇന്ത്യന്‍ വ്യോമത്താവളമായിരുന്നു ലക്ഷ്യം. എന്നാല്‍ മിഗ് 21 വിമാനങ്ങളുമായി ഇന്ത്യ ചെറുത്തു. പാക് എഫ് 16 വിമാനങ്ങളിലൊന്നിനെ തകര്‍ത്തത് അഭിനന്ദന്‍ വര്‍ദ്ധമാനാണ്. ഇതിന് തൊട്ടുപിന്നാലെ പാക് മിസൈലേറ്റ് അഭിനന്ദന്റെ മിഗ് 21 വിമാനവും തകര്‍ന്നിരുന്നു. തകര്‍ന്ന വിമാനത്തില്‍ നിന്ന് പാരച്യൂട്ടില്‍ രക്ഷപ്പെട്ട അഭിനന്ദന്‍ പാക് അതിര്‍ത്തിക്കുള്ളിലാണ് പറന്നിറങ്ങിയത്.പിന്നീട് അമേരിക്കന്‍ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അഭിനന്ദനെ 51ാം സ്ക്വാഡ്രനില്‍ നിന്ന് 23ാം സ്ക്വാഡ്രനിലേക്ക് മാറ്റിയിരുന്നു.

പോര്‍വിമാനം തകര്‍ത്തതിന്റെ വ്യക്തിപരമായ നേട്ടം അഭിനന്ദനാണെങ്കിലും ഈ ബാഡ്ജ് 51ാം നമ്ബര്‍ സ്ക്വാഡ്രനാണ് നല്‍കിയിരിക്കുന്നത്. ഇത് സംഘശക്തിയുടെ അടയാളമായാണ് ഇന്ത്യന്‍ വ്യോമസേന കാണുന്നത്. പോരാട്ടത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈന്യത്തിന്റെ സു-30എംകെഐ സ്ക്വാഡ്രന് അമ്രാം ഡോഡ്ജര്‍ ബാഡ്ജ് ലഭിക്കും. നാലോ അഞ്ചോ പാക് മിസൈലുകളെ തകര്‍ത്തത് ഈ സംഘമാണ്. തുണി കൊണ്ടുള്ളതാണ് ഈ ബാഡ്ജ്. ചരിത്രപരമായ നേട്ടത്തെ എന്നും ഓര്‍മ്മിപ്പിക്കാനാണ് സൈനിക സംഘത്തിന്റെ യൂനിഫോമില്‍ ഈ മുദ്ര പതിപ്പിക്കുന്നത്.