കലാഭവന്‍ അബി അന്തരിച്ചു

2048

പ്രശസ്ത സിനിമാ ,മിമിക്‌സ് താരം
അബി(52) അന്തരിച്ചു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഏറെ നാളായി രോഗബാധിതനായിരുന്നു. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ്സ് കുറയുന്ന രോഗം മൂലമാണ് പലപ്പോഴും സിനിമയില്‍ നിന്നും ഷോകളില്‍ നിന്നും അബി വിട്ടു നിന്നത്.

ഹബീബീ അഹമ്മദ് എന്ന അബി 50ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മിമിക്രി കാസറ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയതില്‍ വലിയൊരു പങ്ക് വഹിച്ച കലാകാരനാണ് അബി.

അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങളുടെ ശബ്ദം മലയാളത്തില്‍ ഡബ്ബ് ചെയ്ത് വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മഴവില്‍ക്കൂടാരം, സൈന്യം, രസികന്‍, കിരീടമില്ലാത്ത രാജാക്കന്‍മാര്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മകൻ ഷെയിൻ നിഗം അടുത്തിടെയാണ് സിനിമയിൽ സജീവമായി രംഗത്ത് വന്നത്.

മുവാറ്റുപുഴ സ്വദേശിയായ അബി മുഹമ്മദ് എന്ന അബി ഇരുപത് വര്‍ഷത്തോളമായി സിനിമ, മിമിക്രി പാരഡി കാസറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കൊച്ചിന്‍ ഹരിശ്രീ, കലാഭവന്‍ എന്നീ ട്രൂപ്പുകളില്‍ കലാ ജീവിതം തുടങ്ങിയ അബി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നടന്‍ ദിലീപ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവരോടൊപ്പം സാഗര്‍ എന്ന മിമിക്രി ട്രൂപ്പ് നടത്തിയിരുന്നു. ആമിന താത്ത, അമിതാഭ് ബച്ചന്‍ എന്നീ കഥാപാത്രങ്ങളിലൂടെ സ്റ്റേജ് ഷോകളിലും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ജൂവലറി പരസ്യത്തില്‍ അമിതാഭ് ബച്ചന്റെ ശബ്ദം നല്‍കിയതും അബിയായിരുന്നു.

ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ട് നിന്ന ശേഷം ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലാണ് അടുത്തകാലത്ത് അഭിനയിച്ചത്.