വിഷ്ണു വധം: 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം

1106

സിപിഐഎം പ്രവര്‍ത്തകനായ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒരാള്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് മറ്റൊരു പ്രതിയെ മൂന്നു വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.                                                                                    കേസില്‍ ഒന്നുമുതല്‍ 11 വരെയുള്ള പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം കിട്ടിയത്. കേസില്‍ പതിനാറാം പ്രതി അരുണ്‍കുമാറിനെ മാത്രമാണ് വെറുതേ വിട്ടത്. ഇയാള്‍ക്കെതിരേ തെളിവുകള്‍ കണ്ടെത്താനായിരുന്നില്ല. പ്രതികളുടെ പ്രായം കണക്കിലെടുത്താണ് വധശിക്ഷ നല്‍കാത്തതെന്നും മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും കാരണമായെന്നും വിഷ്ണുവിന്റെ കുടുംബത്തിന് പ്രതികള്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. 2008 ഏപ്രില്‍ 1 നാണ് സിപിഎം പ്രവര്‍ത്തകനായ വിഷ്ണുവിനെ കൊലപ്പെടുത്തിയത്.                                                                             കേസില്‍ വിചാരണ നേരിട്ട 14 പേരില്‍ 13 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. മുഴുവന്‍ പ്രതികളും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.
ആര്‍എസ്എസ് പ്രവര്‍ത്തകരായ കൈതമുക്ക് സ്വദേശി സന്തോഷ്, മണ്ണന്തല കേരളാദിത്യപുരം സ്വദേശികളായ മനോജ്, ബിജുകുമാര്‍, ഹരിലാല്‍, മണക്കാട് സ്വദേശി അരുണ്‍ കുമാര്‍, ബിബിന്‍, സതീഷ്, പേട്ട സ്വദേശി ബോസ്, ചെഞ്ചേരി സ്വദേശി വിനോദ് കുമാര്‍, ശ്രീകാര്യം സ്വദേശി സുഭാഷ്, വട്ടിയൂര്‍ കാവ് സ്വദേശി സതീഷ്, ശിവലാല്‍ എന്നിവരാണ് പ്രതികള്‍.