തൂക്കിക്കൊല്ലുന്നതിനെതിരെ സുപ്രീംകോടതി

305

തൂക്കിക്കൊല്ലുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ റിഷി മല്‍ഹോത്ര സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി.

തൂക്കിക്കൊല്ലുന്നത് കാലഹരണപ്പെട്ട ശിക്ഷാരീതിയാണെന്നും വധശിക്ഷയ്ക്ക് ഇരയാവുന്ന പ്രതികള്‍ക്ക് വേദനയില്ലാതെ മരിക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ റിഷി മല്‍ഹോത്രയാണ് സുപ്രീംകോടതിയില്‍ പൊതുതാത്പര്യഹര്‍ജി നല്‍കിയത്.

ഒരു വ്യക്തിയുടെ മരണത്തിലും മഹത്വമുണ്ട്.വളരെ ചെറിയ വേദനയോടെ മരിക്കുന്നതിന് വ്യക്തിക്ക് അവകാശവുമുണ്ട്. എന്നാല്‍ കഴുവിലേറ്റുമ്പോള്‍ അത് ആരംഭിക്കുന്നത് മുതല്‍ മരണം സംഭവിക്കുന്നത് വരെയുള്ള സമയത്തിനുള്ളില്‍ വളരെ വലിയ വേദനയാണ് കുറ്റവാളി അനുഭവിക്കുന്നത്. ഇതിലൂടെ അയാളുടെ അന്തസ്സും മരണത്തിന്റെ മഹത്വവും നഷ്ടപ്പെടുകയാണെന്ന് റിഷി മല്‍ഹോത്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വധശിക്ഷ നടപ്പാക്കാന്‍ വേദനയില്ലാത്ത മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തണം. തൂക്കിക്കൊല്ലുന്നത് ഒഴിവാക്കി മരുന്ന് കുത്തിവയ്ക്കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മറ്റ് മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ സഹായത്തോടെയാണ് കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

ഒരാള്‍ വേദനയോടല്ല,സമാധാനപരമായി മരിക്കണം.വേദനയില്ലാത്ത മരണത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഹര്‍ജി പരിഗണിച്ചു കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി.