കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പെട്ട് കടയ്ക്കൽ സ്വദേശിയായ പൊലീസുകാരന്‍ മരിച്ചു

4561

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പെട്ട് പൊലീസുകാരന്‍ മരിച്ചു. തിരുവനന്തപുരം എ.ആര്‍ ക്യാമ്ബിലെ പ്രവീണ്‍(32) ആണ് മരിച്ചത്. പത്തനംതിട്ട തിരുവല്ലയ്ക്ക് സമീപം പൊടിയാടിയിലാണ് അപകടം. കോടിയേരിക്ക് അകമ്പടി പോയ പൊലീസ് വാഹനം ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഓട്ടോയിലുണ്ടായിരുന്ന അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്.അതിനിടെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചതറിഞ്ഞ് പ്രവീണിന്റെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു. കടയ്ക്കല്‍ സ്വദേശി പല്ലവിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കയ്യിലെ ഞരമ്ബ് മുറിച്ചാണ് പല്ലവി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം എ.ആര്‍ ക്യബിലെ സിവില്‍ പൊലീസ് ഓഫീസറാണ് പ്രവീണ്‍. പ്രവീണ്‍ ഓടിച്ചിരുന്ന പൊലീസ് ജീപ്പ് എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.കറ്റോടു നിന്നും മാന്നാറിന് പോയതായിരുന്നു ഓട്ടോറിക്ഷ. അപകടത്തില്‍ എസ്‌ഐയ്ക്കും ഓട്ടോറിക്ഷയിലുണ്ടായിരുന്ന അമ്മയ്ക്കും കുഞ്ഞിനും പരുക്കേറ്റു.

യാത്രക്കാരായ നീതു 26 ,റയോണ്‍ (8 മാസം) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം പരുമലയില്‍ നിന്നും മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വസതിക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അകമ്പടി വാഹനം നൽകിയത് എന്നാണ് പോലീസ് നൽകുന്ന വിശദീകരണം.