കമാന്റോകള്‍ വന്നിട്ടും കുലുക്കമില്ല;പൂന്തുറയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍; പൊലീസുമായി വാക്കേറ്റം

189

അതീവ ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്ന തിരുവനന്തപുരം പൂന്തുറയില്‍ ലോക്ക്ഡൗണ്‍ ലംഘനം. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിയന്ത്രണം ലംഘിച്ച് തെരുവില്‍ തടിച്ചുകൂടി. ഇവര്‍ പൊലീസിന് നേരെ പ്രതിഷേധിക്കുകയാണ്.

സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം ഉയര്‍ന്നതോടെ പുന്തൂറയില്‍ അതീവ ജാഗ്രത തുടരുകയാണ്. തുടര്‍ന്നും രോഗവ്യാപനം സംഭവിക്കാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളാണ് പൂന്തുറ ഭാഗത്ത് തുടരുന്നത്. പൂന്തുറ ഉള്‍പ്പെടെ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍  തുടരുകയാണ്. എന്നാല്‍ ഒരു രോഗിയില്‍ നിന്ന് തന്നെ നിരവധിപ്പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയതോടെ പൂന്തുറയില്‍ പ്രത്യേക ശ്രദ്ധയാണ് പുലര്‍ത്തുന്നത്. കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നതിന് കടുത്ത നിയന്ത്രണമാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തൊട്ടടുത്ത പ്രദേശങ്ങളിലാണ് കടകള്‍ തുറന്നിരിക്കുന്നത്. ഇവിടെ പോയി സാധനങ്ങള്‍ വാങ്ങുന്നത് പൊലീസുകാര്‍ തടയുന്നു എന്നതാണ് നാട്ടുകാരുടെ ആക്ഷേപം. നിലവില്‍ ഏഴുമണി മുതല്‍ 11 മണി വരെ മാത്രമേ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതിയുളളൂ. എന്നാല്‍ പൂന്തുറയുടെ തൊട്ടടുത്തുളള പ്രദേശങ്ങളില്‍ മാത്രമാണ് കടകള്‍ തുറക്കുന്നത്. ഇവിടെ പോയി സാധനങ്ങള്‍ വാങ്ങാന്‍ പൊലീസുകാര്‍ അനുവദിക്കുന്നില്ല എന്നതാണ് നാട്ടുകാരുടെ ആക്ഷേപം. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് നാട്ടുകാര്‍ കൂട്ടംകൂടി പ്രതിഷേധിക്കുകയാണ്. നിലവില്‍ 500 ലധികം പൊലീസുകാരാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. രോഗവ്യാപനത്തിന്റെ ഗൗരവം കണക്കിലെടുത്ത് കമാന്‍ഡോകളെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

തൊട്ടടുത്തുളള മാണിക്യവിളാകം, വലിയപ്പളളി പ്രദേശങ്ങളിലും രോഗവ്യാപനം കൂടുതലാണ്. എന്നാല്‍ തങ്ങളുടെ പ്രദേശത്ത് മാത്രമാണ് കടുത്ത നിയന്ത്രണം എന്നും നാട്ടുകാര്‍ ആരോപിക്കുന്നു.