75 പൂര്‍ണ ഗര്‍ഭിണികളുമായി കൊച്ചിയിലേക്ക് വിമാനം

229

75 പൂർണഗർഭിണികളുമായി ചരിത്രത്തില്‍ ആദ്യമായി ഒരു വിമാനം കൊച്ചിയിലേക്ക് എത്തുന്നു. വന്ദേഭാരത് സംഘം നയിക്കുന്ന ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസാണിത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ന് വിമാനം ദുബായില്‍ നിന്നും പറന്നുയർന്നത്.

എട്ട് മാസം വരെ തികഞ്ഞ ഗര്‍ഭിണികളാണ് യാത്രക്കാരിൽ ഭൂരിഭാഗവും എന്നതാണ് ഈ യാത്രയുടെ ഏറ്റവും ശ്രദ്ധേയം. ഇതില്‍ ഒരാള്‍ ഗര്‍ഭാവസ്ഥയുടെ 35ാം ആഴ്ചയിലാണുള്ളത്. അതിനാല്‍ തന്നെ ഇവര്‍ക്ക് സഹായത്തിനായി രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമ്മാരും അടക്കം വിമാനത്തില്‍ ഉണ്ട്. ഇത് തികച്ചും അസാധാരണമായ ഒരു വിമാനമാണെന്ന് ഇന്ത്യന്‍ കണ്‍സലേറ്റായ നീരജ് അഗര്‍വാള്‍ ഖലീജ് ടൈംസിനോട് പറഞ്ഞു. ഈ വിമാനത്തിലുള്ള ഒട്ടുമിക്ക ആളുകളും വിവിധ പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്തില്‍ മൊത്തമായി 181 യാത്രക്കാരാണ് ഉള്ളത്. ഗര്‍ഭിണികള്‍ക്ക് പുറമെ 35 രോഗികളും വിമാനത്തിലുണ്ട് ഇതില്‍ 28 പേരും ഗുരുതര രോഗങ്ങളോട് കൂടിയവരാണ്. ഇതിൽ ഒരാള്‍ ക്യാൻസറിന്റെ അവസാനഘട്ടത്തിലുള്ളയാളാണ്. മറ്റൊരാള്‍ ബ്രെയിൻ ട്യൂമർ രോഗിയും ഇവരെകൂടാതെ രണ്ട് പേ‍ർ ആകട്ടെ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയുടെ ദാതാവും സ്വീകര്‍ത്താവുമാണ്. ഇവർക്കെല്ലാം പുറമെ രക്താര്‍ബുദം ബാധിച്ച് മരിച്ച നാല് വയസ്സുകാരന്റെ മൃതദേഹവും വിമാനത്തിലുണ്ട്. ഭാര്യയെ നഷ്ടപ്പെട്ട മറ്റ് രണ്ട് യാത്രക്കാരും ഇവര്‍ക്കൊപ്പം യാത്ര ചെയ്യുന്നുണ്ട്.