മണ്ണിട്ട് അതിര്‍ത്തി അടച്ച കര്‍ണ്ണാടകയ്ക്ക്കേരളത്തിന്റെ മറുപടി.കാസര്‍കോഡ് മെഡിക്കല്‍ കോളേജ് ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

182

മണ്ണിട്ട് അതിര്‍ത്തി അടച്ച കര്‍ണ്ണാടകയ്ക്ക്കേരളത്തിന്റെ മറുപടി.കാസര്‍കോഡ് മെഡിക്കല്‍ കോളേജ് ഇന്ന് പ്രവര്‍ത്തനമാരംഭിക്കും.  കാസര്‍കോട്ടുകാരുടെ സ്വപ്‌നസാക്ഷാല്‍ക്കാരമാണ് ഇന്ന് മെഡിക്കല്‍ കോളേജ്പ്രവര്‍ത്തനമാരംഭിക്കുന്നതിലൂടെ പൂവണിയുന്നത്.  ഇന്ന് വൈകുന്നേരം മുതല്‍ കോവിഡ്19 രോഗ ബാധിതരെ സ്വീകരിച്ച്‌ തുടങ്ങും. നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ പരിവര്‍ത്തിപ്പിച്ചത്. കോവിഡ് രോഗബാധിതര്‍ക്ക് വേണ്ടി ആദ്യഘട്ടത്തില്‍ ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് തയ്യാറാക്കുന്നതെന്ന് ദേശീയ ആരോഗ്യ പദ്ധതി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തി പിന്നീട് 100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി സജ്ജമാക്കും. ഏഴു കോടി രൂപയോളം വരുന്ന അത്യാധുനിക സംവിധാനങ്ങളാണ്ആ ശുപത്രിയിലേക്കെത്തിക്കുന്നത്.  ഇത് കൂടാതെ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിനായി  കെ എസ് ഇ ബി പത്ത് കോടി രൂപ വാഗ്ധാനം ചെയ്തിട്ടുണ്ട്. ഈ തുകയില്‍ നിന്നും വിവിധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇലക്‌ട്രൊ കാര്‍ഡിയോഗ്രാം (ഇസിജി), മള്‍ട്ടി പര്‍പ്പസ് ഉപകരണങ്ങള്‍ തുടങ്ങിയവ ഇതിനകം എത്തിയിട്ടുണ്ട്. രാജ്യത്താകെ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാരണം വെന്റിലേറ്റേര്‍ അടക്കമുള്ള പല ഉപകരണങ്ങളും പലയിടങ്ങളിലായി തടസപ്പെട്ട് കിടക്കുകയാണ്. ഇത് ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാനുള്ള നടപടി സ്വീകരിച്ച്‌ വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഡോക്ടര്‍മാര്‍, ഹെഡ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ് എന്നിങ്ങനെ പതിനേഴോളം പേരെയായിരിക്കും ആശുപത്രിയില്‍ നിയമിക്കുക. അടിയന്തിര സാഹചര്യമായതിനാല്‍ ഇവരെ ജില്ലയിലെ മറ്റു ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നായിരിക്കുമെത്തിക്കുക. മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്.

ചികില്‍സകള്‍ക്കായി കാസര്‍കോട് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് മംഗളൂരുവിനെയാണ്. അത്യാധുനിക ആശുപത്രികള്‍ ജില്ലയില്‍ ഇല്ലാത്തതായിരുന്നു ഇതിന് കാരണം. അതിര്‍ത്തികള്‍ മണ്ണിട്ടച്ച്‌ കര്‍ണ്ണാടക ഈ കൊറോണക്കാലത്ത് മലയാളിക്ക് ചികില്‍സ നിഷേധിച്ചു. ഏഴ് രക്തസാക്ഷികളെയാണ് ഇത് നല്‍കിയത്. ഇതോടെയാണ് കാസര്‍കോടിന്റെ ചിരകാല അഭിലാഷം സര്‍ക്കാര്‍ തിരിച്ചറിഞ്ഞത്. അങ്ങനെയാണ് അതിവേഗം മെഡിക്കല്‍ കോളേജ് തുറക്കുന്നത്. ഭാവിയില്‍ ഇത് കാസര്‍കോടിന്റെ ചികില്‍സാ പ്രശ്‌നങ്ങള്‍ക്കുള്ള മറുപടിയായി മാറും.