കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സി.ബി.ഐ

143

നടന്‍ കലാഭവന്‍ മണിയുടെ മരണം അമിത മദ്യപാനം മൂലമുള്ള കരള്‍ രോഗബാധയെ തുടര്‍ന്നെന്ന് സി.ബി.ഐ. അന്വേഷണ റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ചൈല്‍ഡ് സി ലിവര്‍ സിറോസിസാണ് മരണകാരണമെന്ന് സി.ബി.ഐ. കണ്ടെത്തിയത്. രക്തത്തില്‍ കണ്ടെത്തിയ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം അപകടരമായ അളവിലുള്ളതല്ലെന്നാണ് കണ്ടെത്തല്‍. 35 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ. എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചു.

രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ. നല്‍കുന്നത്. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി അന്തരിച്ചത്. മരണത്തില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന്‌ ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ ഉന്നയിച്ച ആവശ്യത്തിനു പുറത്താണ് അന്വേഷണം സി.ബി.ഐക്കു വിട്ടത്.

മണിയുടെ രക്തത്തില്‍ കണ്ടെത്തിയ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം മണിയെ വിഷാംശം കലര്‍ത്തിയ മദ്യം നല്‍കി കൊന്നുവെന്ന സംശയം ബന്ധുക്കളില്‍ ജനിപ്പിച്ചിരുന്നു. എന്നാല്‍ കരള്‍രോഗ ബാധയുള്ള മണിയുടെ അമിത മദ്യപാനം മൂലമാണ് രക്തത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കലരാന്‍ ഇടയാക്കിയതെന്ന് സി.ബി.ഐ. നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നത്.

അവസാന കാലത്ത് ദിവസം പതിനഞ്ച് ക്യാന്‍ ബിയര്‍ വരെ കഴിച്ചിരുന്ന മണിയുടെ കരളിന്റെ സ്ഥിതി തീരെ ദുര്‍ബലമായിരുന്നു. ബിയര്‍ അടക്കമുള്ളവയില്‍ കുറഞ്ഞ അളവില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് പറയുന്നു. കരള്‍ ദുര്‍ബലമായതിനാല്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം രക്തത്തില്‍നിന്ന് പുറന്തള്ളാതെ കിടക്കുകയായിരുന്നു. മദ്യപാനിയായ ഒരു വ്യക്തിയുടെ ശരീരത്തില്‍ ആറ് മില്ലി ഗ്രാം വരെ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടാകാം. പക്ഷെ മണിയുടെ ശരീരത്തില്‍ ഇത് നാലു മില്ലിഗ്രാം ആയതിനാല്‍ മീഥൈല്‍ ആല്‍ക്കഹോള്‍ മരണകാരണമായിട്ടില്ലെന്ന് സി.ബി.ഐ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡ് പറയുന്നു.