പിണറായി മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടായേക്കുമെന്ന് റിപ്പോർട്ട്

212

ന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി പിണറായി സര്‍ക്കാര്‍. മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരെയാകും മാറ്റുക. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീനും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അടുത്ത വര്‍ഷം നടക്കാനുള്ള തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മുഖം മിനുക്കലാണിത്.  പകരം പുതുമുഖങ്ങള്‍ എത്തും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ മുമ്പായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് എ.സി.മൊയ്തീനേയും ടി.പി.രാമകൃഷ്ണനേയും ഒഴിവാക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൂന്ന് മുതല്‍ അഞ്ച് പുതുമുഖങ്ങളെ മന്ത്രിസഭയിലെത്തിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുങ്ങുന്നത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മന്ത്രിസഭയിലെത്തിയേക്കും. പകരം മുതിര്‍ന്ന അംഗങ്ങളായ സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കര്‍ സ്ഥാനത്തേക്കെത്തും.

വനിതാ മന്ത്രിമാരായ കെ.കെ.ശൈലജയും ജെ.മേഴ്‌സിക്കുട്ടിയമ്മയും സ്ഥാനത്ത് തുടരും. കൂടാതെ ഒരു വനിതാ മന്ത്രിയെ കൂടി ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. കൊട്ടാരക്കര എംഎല്‍എ ആയിഷാ പോറ്റിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഇതോടെ സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം 20-ല്‍ നിന്ന് 21 ആയി ഉയരും.

ധനമന്ത്രി തോമസ് ഐസക്, വൈദ്യുതി മന്ത്രി എം.എം.മണി, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ തുടങ്ങിയവര്‍ സ്ഥാനത്ത് തന്നെ തുടരും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും.

 

സ്ഥാനമൊഴിയാന്‍ കൂടുതല്‍ പേര്‍ തയ്യാറായാല്‍ എം.സ്വരാജ്, എ.എന്‍.ഷംസീര്‍ എന്നീ യുവമുഖങ്ങളേയും മുതിര്‍ന്ന നേതാവ് സി.കെ.ശശീന്ദ്രനേയും പരിഗണിക്കാനിടയുണ്ട്.