കൊല്ലത്ത് പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; മുത്തശ്ശിയും സുഹൃത്തും പിടിയിൽ

497

പത്താംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കുട്ടിയുടെ അമ്മൂമ്മയെയും ഓട്ടോ ഡ്രൈവറെയും അറസ്റ്റ് ചെയ്തു. സ്‌കൂള്‍ അധികൃതരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് സംഭവം പുറത്തുവന്നത്.

കൊല്ലം ഏരൂരിലാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായത്. കഴിഞ്ഞ ആറുമാസമായി ഏരൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ തുടര്‍ച്ചയായി പീഡിപ്പിച്ചുവരികയായിരുന്നെന്ന് പൊലീസ് പറയുന്നു.നിരന്തരമായ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ നേരിട്ടുവരികയാണ്. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയായിരുന്നു.

കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ ഗണേശിനെ ചോദ്യം ചെയ്തപ്പോള്‍ പീഡനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. തുടര്‍ന്നാണ് ഗണേശിന്റെയും പീഡനത്തിന് ഒത്താശ ചെയ്ത കുട്ടിയുടെ അച്ഛന്റെ അമ്മയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കാര്യങ്ങള്‍ നോക്കിയിരുന്നത് ഓട്ടോ ഡ്രൈവറാണ്. ഗണേശിന്റെ വീട്ടില്‍ കൊണ്ടുപോയും മുത്തശ്ശിയുടെ വീട്ടില്‍ വച്ചും പെണ്‍കുട്ടിയെ ഇയാള്‍ തുടര്‍ച്ചയായി പീഡിപ്പിച്ചതായി പൊലീസ് പറയുന്നു.