ആരും അറിഞ്ഞില്ലെങ്കിലും തൃപ്തി വരുന്നതിന് മുമ്പേ ബി.ജെ.പിയും ജനം ടിവിയും സജ്ജം

607

തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിന് എത്തിയത് മുന്‍കൂട്ടിയുള്ള ആസൂത്രണത്തിന്റെ ഭാഗമെന്ന് ഉറപ്പാകുന്നു. സംസ്ഥാനത്തെ മാധ്യമങ്ങളും രഹസ്യാന്വേഷണ വിഭാഗവും പോലും തൃപ്തി ദേശായിയുടെ വരവ് അറിഞ്ഞിരുന്നില്ല. എന്നാല്‍ ബി.ജെ.പി നേതൃത്വവും ശബരിമല കര്‍മ്മ സമിതിയും ആര്‍ എസ് എസ് ചാനലാലയ ജനം ടിവിയും വിവരം കൃത്യമായി അറിഞ്ഞിരുന്നു. കൊച്ചിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായി കോട്ടയം വഴി പത്തനംതിട്ടയിലേക്ക് പോവുകയാണെന്നാണ് അറിയിച്ചത്. എന്നാല്‍ ഇവര്‍ കമ്മീഷണര്‍ ഓഫീസിലേക്കാണ് പോകുന്നതെന്ന വിവരം കൃത്യമായി ബി.ജെ.പി നേതാക്കള്‍ അറിഞ്ഞിരുന്നു.

എങ്ങനെയാണ് തൃപ്തിയും സംഘവും എറണാകുളത്ത് എത്തുമെന്ന് അറിഞ്ഞതെന്ന ചോദ്യത്തിന് അതൊക്കെ അറിയാന്‍ ഞങ്ങള്‍ക്ക് സംവിധാനമുണ്ടെന്ന എങ്ങും തൊടാതെയുള്ള ഉത്തരമാണ് ബി.ജെ.പി നേതാവും എറണാകളും ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന സി.ജി രാജഗോപാല്‍ പറഞ്ഞത്. തൃപ്തി ദേശായി കമ്മീഷണര്‍ ഓഫീസിലേക്ക് എത്തുമെന്ന വിവരം ആലുവ റൂറല്‍ എസ്.പി പോലും അറിഞ്ഞിരുന്നില്ല. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്ന് ബി.ജെ.പി നേതാക്കള്‍ എങ്ങും തൊടാതെയുള്ള ഉത്തരമാണ് നല്‍കിയത്.

തങ്ങള്‍ സമൂഹത്തിന് വേണ്ടി ജാഗരൂഗരായി പ്രവര്‍ത്തിക്കുന്നവരാണെന്നും അതുകൊണ്ട് തങ്ങള്‍ 24 മണിക്കൂറും കണ്ണുതുറന്നിരിക്കുമെന്ന് സി.ജി രാജഗോപാല്‍ പറഞ്ഞു. തൃപ്തി ദേശായി വരുന്നതിന് അര മണിക്കൂര്‍ മുമ്പ് തന്നെ തങ്ങള്‍ സ്ഥലത്തുണ്ടെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിമിഷങ്ങള്‍ക്കകം തൃപ്തി ദേശായി എത്തിയതിന് ശേഷമാണ് തങ്ങള്‍ വന്നതെന്നും ഏതോ ചാനലിലൂടെയാണ് വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

തൃപ്തി ദേശായിയുടെയും ബിന്ദു അമ്മിണിയുടെയും നീക്കങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരത്തെ ആരോപിച്ചിരുന്നു. ഒരു ചാനല്‍ മാത്രം തൃപ്തിയുടെയും സംഘത്തിന്റെയും വരവ് അറിഞ്ഞതിലും ബിന്ദു അമ്മിണിക്ക് എതിരായ ആക്രമണത്തിന് പിന്നില്‍ പോലും ഗൂഢാലോചന ഉണ്ടെന്നും കടകംപള്ളി ആരോപിച്ചു.