പഞ്ചരത്‌നങ്ങളില്‍ നാലുപേര്‍ക്ക് ഒരേദിവസം മാംഗല്യം

298

പഞ്ചരത്‌നങ്ങളില്‍ നാലുപേര്‍ ഒരേദിവസം വിവാഹിതരാവുന്നു. തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകാവില്‍ ‘പഞ്ചരത്‌ന’ത്തില്‍ പരേതനായ പ്രേമകുമാറിന്റെയും, രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവര്‍ ഒരേദിനത്തില്‍ പുതുജീവിതത്തിലേക്കു കടക്കുമ്പോള്‍ ഏക ആണ്‍തരി ഉത്രജന്‍ പെങ്ങന്മാരുടെ താലികെട്ടിനു കാരണവരാകും. ഏപ്രില്‍ അവസാനം ഗുരുവായൂര്‍ അമ്പലനടയിലാണു വിവാഹം.

ഒറ്റ പ്രസവത്തിലൂടെ 5 മക്കളെ ലഭിച്ച രമദേവി ,മക്കളുടെ ഒമ്പതാം വയസ്സില്‍ ഭര്‍ത്താവിന്റെ അപ്രതീക്ഷിത വേര്‍പാടിനുശേഷം പേസ്‌മേക്കറില്‍ തുടിക്കുന്ന ഹൃദയവുമായി മക്കള്‍ക്കു തണലായി രമാദേവി ജീവിച്ചു. ഇന്നിപ്പോള്‍ അമ്മയുടെ സ്‌നേഹത്തണലില്‍നിന്ന് പുത്തന്‍ജീവിതത്തിനൊരുങ്ങുകയാണ് നാലു മക്കളും.

ഫാഷന്‍ ഡിസൈനറായ ഉത്രയ്ക്ക് മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെ.എസ്. അജിത്കുമാറാണ് വരന്‍. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യാ ടെക്‌നിഷ്യനായ ഉത്രജയെ ജീവിതസഖിയാക്കുന്നത് കുവൈത്തില്‍ അനസ്തീഷ്യാ ടെക്‌നിഷ്യന്‍ പത്തനംതിട്ട സ്വദേശി ആകാശ്. ഓണ്‍ലൈനില്‍ മാധ്യമപ്രവര്‍ത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ മഹേഷ് താലികെട്ടും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്‌സ്തീഷ്യാ ടെക്‌നീഷ്യനായ ഉത്തമയ്ക്ക് മസ്‌കറ്റില്‍ അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീത് താലിചാര്‍ത്തും.എസ്.എ.ടി. ആശുപത്രിയിൽ നിമിഷങ്ങളുടെ ഇടവേളയിലായിരുന്നു 1995 നവംബറിൽ അഞ്ചുപേരുടെയും ജനനം. പിറന്നത് ഉത്രം നാളിലായതിനാൽ നാളുചേർത്ത് മക്കൾക്ക് പേരിട്ടു. അഞ്ചുമക്കളുടെ പിറവി തൊട്ടിങ്ങോട്ടുള്ള ജീവിതമറിയാൻ കേരളമെന്നും കാത്തിരുന്നിട്ടുണ്ട്. ഒന്നിച്ചു സ്കൂളിൽ പോയതും പരീക്ഷകളിലെ ജയവും ഒന്നിച്ച് വോട്ടുചെയ്തതും വാർത്തകളിൽ നിറഞ്ഞു.