സജിന്‍ ബാബുവിന്റെ ബിരിയാണിക്ക് ഇറ്റലി ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌ക്കാരം

507

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് റോമിലെ ഇരുപതാമത് ഏഷ്യറ്റിക്ക് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമക്കുള്ള നെറ്റ് പാക്ക് അവാര്‍ഡ് .
നെറ്റ് പാക്ക് ജോയിന്റ് പ്രസിഡന്റ് ഫിലിപ്പ് ചെ ചെയര്‍മാനും, ശ്രീലങ്കന്‍ സംവിധായകന്‍ അശോക ഹന്ദഗാമ, ഫിലിം ക്രിട്ടിക് മാര മാറ്റ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

ഏഷ്യാറ്റിക്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തില്‍ നിന്നാണ് ബിരിയാണിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.

അസ്തമയം വരെ, അയാള്‍ ശശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിന്‍ ബാബു സംവിധാനം നിര്‍വഹിച്ച മൂന്നാമത് ചിത്രമാണ് ബിരിയാണി. കടലോരത്തെ വേട്ടയാടപ്പെടുന്ന ഒരു മുസ്ലീം കുടുംബത്തിന്റെ ജീവിത കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം. തിരുവനന്തപരം ജി്ല്ലയിലെ വെഞ്ഞാറമൂട്, നെടുമങ്ങാട്,വര്‍ക്കല മേഖലകളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലോക്കേഷനുകള്‍.

ബിരിയാണിയുടെ വേള്‍ഡ് പ്രിമിയര്‍ കൂടിയായിരുന്നു ഏഷ്യാറ്റിക് മേളയിലേത്. യു എ എന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയില്‍ കനി കുസൃതി, ശൈലജ, സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, തോന്നക്കല്‍ ജയചന്ദ്രന്‍, ശ്യാം റെജി തുടങ്ങിയവരാണ് അഭിനേതാക്കള്‍. കാര്‍ത്തിക് മുത്തുകുമാറും ഹരികൃഷ്ണന്‍ ലോഹിതദാസുമാണ് ക്യാമറ. അപ്പു ഭട്ടതിരിയാണ് എഡിറ്റര്‍. ലിയോ ടോം സംഗീത സംവിധാനം, നിധീഷ് ചന്ദ്ര ആചാര്യ ആര്‍ട്ട്.